മുംബൈ: വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും മകള്‍ക്കെതിരെ ട്വിറ്ററില്‍ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ പ്രതിക്കെതിരായ എഫ്‌ഐആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ പരാതിക്കാരിയായ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ ഒഴിവാക്കാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. രാംനാഗേഷ് അകുബത്തിനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദ് ചെയ്യാന്‍ ജസ്റ്റിസുമാരായ എഎസ് ഗഡ്‌കരി, പിഡി നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
2021 ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു രാംനാഗേഷ് കോലിയുടെ മകള്‍ക്കെതിരെ അധിക്ഷേപ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‌തത്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് 2022 ഫെബ്രുവരിയിലാണ് അദ്ദേഹം രംഗത്തെത്തിയത്. അഭിഭാഷകന്‍ അഭിജിത്ത് ദേശായി മുഖേനയായിരുന്നു പരാതിക്കാരന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. പ്രതിക്ക് വിദേശത്ത് പോയി ബിരുദാനന്തര ബിരുദം നേടുന്നതിനും അല്ലെങ്കില്‍ മറ്റ് ഭാവി സാധ്യതകള്‍ക്കും എഫ്‌ഐആര്‍ തടസമാകുമെന്ന് വാദവും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചു. കൂടാതെ, കേസിനാസ്‌പദമായ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടത് രാംനാഗേഷ് ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ ഐപി അഡ്രസില്‍ നിന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി ആക്ടിലെ നിയമങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു രാംനാഗേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. 2021 നവംബര്‍ 8ന് മുംബൈ പൊലീസ് ഹൈദരാബാദിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നവംബര്‍ 11ന് രാംനാഗേഷ് അകുബത്തിനിയെ ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പ് നാല് ദിവസത്തേക്ക് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പിന്നാലെ ഇയാള്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ നവംബര്‍ 21ന് രാംനാഗേഷിന് കോടതി ജാമ്യം അനുവദിച്ചു. കേസിനാസ്‌പദമായ ട്വീറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയേയൊ കുടുംബത്തേയൊ നേരിട്ട് അഭിസംബോധന ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
2021 ലെ ടി20 ലോകകപ്പില്‍ വിരാട് കോലിക്ക് കീഴിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങിയത്. ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനോടായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ വിരാട് കോലി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശമനവുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
വിരാട്- അനുഷ്‌ക ദമ്പതികൾ തങ്ങളുടെ യാത്രകൾ, ഇഷ്‌ട ഭക്ഷണം എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവർക്കും ഇൻസ്റ്റഗ്രാം അടക്കം വലിയ ഫാൻ ഫോളോവേഴ്‌സും ഉണ്ട്.
Also Read: IPL 2023 | വേഗത്തില്‍ തുടങ്ങി, പിന്നെ ഇഴഞ്ഞു; വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി സൈമണ്‍ ഡൗള്‍