Vineeth Sreenivasan reacts on movie reviewing: സിനിമ നിരൂപണത്തെ കുറിച്ചുള്ള തന്‍റെ അഭിപ്രായം രേഖപ്പെടുത്തി വിനീത് ശ്രീനിവാസന്‍. പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ തനിക്ക് ഗുണം ചെയ്‌തിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. തന്‍റെ ഏറ്റവും പുതിയ ചിത്രം 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ന്‍റെ സക്‌സസ് മീറ്റിലാണ് സംവിധായിക അഞ്ജലി മേനോന്‍റെ സിനിമ നിരൂപണ പരാമര്‍ശത്തില്‍ വിനീത് പ്രതികരിച്ചത്.
Vineeth Sreenivasan about movie reviewing: 'ഓരോ കാര്യത്തെ പറ്റിയും ഓരോരുത്തര്‍ക്ക് ഓരോ കാഴ്‌ചപ്പാടാണ്. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ട് മൂന്ന് മാസം കഴിഞ്ഞാകും വീഡിയോ, പ്രിന്‍റ് നിരൂപണങ്ങള്‍ ശ്രദ്ധിക്കുക. അതൊക്കെ കാണുമ്പോള്‍ കുറെ കാര്യങ്ങള്‍ മനസിലാകാറുണ്ട്. 'ഹൃദയം' എന്ന എന്‍റെ സിനിമയില്‍ രണ്ടാം പകുതി കഴിയുമ്പോള്‍ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്‌റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്‌ത് കുറെ കുട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പത്തിരുപത്തിയെട്ട് വയസില്‍ ഇയാള്‍ക്ക് വീണ്ടും ഒരാളെ കാണുമ്പോള്‍ തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമര്‍ശനം. അതു കേട്ടപ്പോള്‍ ഞാനും അത്തരത്തില്‍ ചിന്തിച്ചു. 28 വയസായ ഒരാള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്കും തോന്നി.
Vineeth Sreenivasan agree with fans movie review: സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് എനിക്ക് അങ്ങനെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'മലര്‍വാടി' എന്ന സിനിമ ചെയ്യുമ്പോള്‍ ഓര്‍ക്കൂട്ട് സജീവമായ സമയമാണ്. അതില്‍ ഒരുപാട് സിനിമ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയന്‍സ് കൂടി ഉണ്ടെന്ന ഓര്‍മ മനസില്‍ വച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ അത് സഹായിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങളെ സൃഷ്‌ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപാത്രം വേണ്ടെന്ന തീരുമാനം എടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും പിന്നീട് അത് ഗുണം ചെയ്യുകയേ ഉള്ളൂ. കാശ് കൊടുത്ത് സിനിമയ്‌ക്ക് പോകുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാം. ഓരോ ആളിനും ഇക്കാര്യത്തില്‍ ഓരോ കാഴ്‌ചപ്പാടുണ്ടാകും. ഞാന്‍ എന്‍റെ അഭിപ്രായമാണ് പറഞ്ഞത്', വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Also Read: 'സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ് ചെയ്‌തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ': ജൂഡ് ആന്‍റണി