വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം 'കുറുക്കന്‍റെ' സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. ഏറെ കൗതുകം ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീത് തന്‍റെ വലത് കയ്യില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കയ്യില്‍ ശ്രീനിവാസന്‍റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്റർ. ഇവരില്‍ ആരാണ് യഥാർഥത്തില്‍ 'കുറുക്കനെ'ന്ന സംശയമാണ് പ്രേക്ഷകരില്‍ ബാക്കിയാകുന്നത്. ഏതായാലും 'കുറുക്കൻ ഇരപിടിക്കാൻ' ഇറങ്ങി കഴിഞ്ഞെന്നാണ് പ്രേക്ഷകർ പറയുന്നത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
'കുറുക്കന്‍റെ' തിരക്കഥ രചിച്ചിരിക്കുന്നത് മനോജ് റാം സിങ്ങാണ്. സുരഭി ലക്ഷ്‌മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്‍റെ രചയിതാവാണ് മനോജ് റാംസിങ്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഉണ്ണി ഇളയരാജയാണ്. അബിൻ എടവനക്കാടാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്. ഷെമീജ് കൊയിലാണ്ടിയാണ് പ്രൊഡക്ഷൻ കൺട്രോളർ. വസ്‌ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് സുജിത് മട്ടന്നൂർ ആണ്. മേക്കപ്പ് ഷാജി പുൽപ്പള്ളിയും കലാസംവിധാനം ജോസഫ് നെല്ലിക്കലുമാണ് കൈകാര്യം ചെയ്യുന്നത്.
അതേസമയം വിനീത് ശ്രീനിവാസൻ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍'. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്‌ത ഈ ചിത്രം മലയാളികൾക്ക് ഇന്നോളം കണ്ട് പരിചിതമല്ലാത്ത സിനിമ അനുഭവമാണ് സമ്മാനിച്ചത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനവും കയ്യടി നേടിയിരുന്നു.
ALSO READ: സിനിമ പ്രഖ്യാപിച്ചു; 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ലൂടെ വിനീതിന് വീട്ടുതടങ്കലിൽ നിന്ന് മോചനം
മലയാളികൾ അന്നുവരെ കണ്ടുശീലിച്ച നായക കഥാപാത്രങ്ങളെ പൊളിച്ചെഴുതി 'അഡ്വ. മുകുന്ദൻ ഉണ്ണി'. ഉത്തമ പുരുഷന്മാരായ നായക സങ്കല്‍പ്പങ്ങളെ ചിത്രം വലിച്ചുതാഴെയിട്ടു. വിനീതിന് പുറമെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്‌ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.