തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ' കണ്ടതിന്‍റെ അനുഭവങ്ങളുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. 'പുഷ്‌പ'യില്‍ നായകനായെത്തിയ അല്ലു അര്‍ജുനേക്കാള്‍ കൂടുതല്‍ കയ്യടി ലഭിച്ചത് ഫഹദ് ഫാസിലിനായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ഫഹദ് ഫാസില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ തിയേറ്റര്‍ ഇളകി മറിഞ്ഞെന്നും അത് കണ്ട് തനിക്ക് രോമാഞ്ചം വന്നുവെന്നും വിനീത് പറയുന്നു.
'ചെന്നൈയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ 'പുഷ്‌പ' കണ്ടത്. റിലീസ് ചെയ്‌ത ദിവസം തന്നെയാണ് ഞാന്‍ സിനിമ കാണാന്‍ പോയത്. അല്ലു അര്‍ജുന്‍ വരുമ്പോള്‍ നല്ല കയ്യടി കിട്ടിയിരുന്നു. അതു കഴിഞ്ഞ് പടം മുമ്പോട്ട് പോയി. ഏതാണ്ട് ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്.
ശരിക്കും ഷാനുവിനെ കാണിച്ചപ്പോള്‍ തിയേറ്റര്‍ ഒന്ന് ഇളകി മറിഞ്ഞു. ഞാന്‍ വിചാരിച്ചത് അല്ലു അര്‍ജുന് ആയിരിക്കും കൂടുതല്‍ കയ്യടി കിട്ടുക എന്നാണ്. ഒരുപക്ഷേ തെലുങ്കില്‍ അദ്ദേഹത്തിന് തന്നെയായിരിക്കും കൂടുതല്‍ കയ്യടി കിട്ടുക. എന്നാല്‍ ചെന്നൈയില്‍ അല്ലു അര്‍ജുന് കിട്ടിയതിനേക്കാള്‍ ഡബിള്‍, ട്രിപ്പിള്‍ കയ്യടിയാണ് ഷാനുവിന് കിട്ടിയത്.
എനിക്കിപ്പോള്‍ 'ഓ മൈ ഫ്രണ്ട്' എന്ന ഫീലാണ് വന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു രോമാഞ്ചമൊക്കെ വന്നു. ഷോ കഴിഞ്ഞ് ഇറങ്ങിയ ഉടനെ ഞാന്‍ ഷാനുവിനെ ഫോണ്‍ വിളിച്ചു. ഈ സംഭവമൊക്കെ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചത് മാത്രമേയുള്ളൂ. അവര്‍ക്ക് ആ ഫീലിംഗ് മനസ്സിലാവില്ല. തിയേറ്ററിലിരുന്ന് കേട്ടത് കൊണ്ട് നമ്മുക്ക് ആ ഫീല്‍ കിട്ടുമല്ലോ. അത്തരത്തില്‍ കയ്യടിയൊക്കെ കിട്ടുന്ന ലെവലിലേക്ക് ഷാനു വളര്‍ന്നു'-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
സുകുമാര്‍ സംവിധാനം ചെയ്‌ത 'പുഷ്‌പ ദി റൈസി'ല്‍ അല്ലു അര്‍ജുന്‍റെ വില്ലനായാണ് ഫഹദ് എത്തിയത്. എസ്.പി ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചത്. 2022ലെ വലിയ വിജയങ്ങളിലൊന്ന് കൂടിയായിരുന്നു 'പുഷ്‌പ ദി റൈസ്'.