'കുരുവി പാപ്പ'യിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാവുകയാണ് നടന്‍ വിനീത്. ഏറെ നാളായി സിനിമയില്‍ സഹനടനായി ഒതുങ്ങി നിന്ന വിനീതിന്‍റെ ഗംഭീര തിരിച്ചുവരവായിരിക്കും 'കുരുവി പാപ്പ' എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ പുതിയൊരു അവതാരത്തിലാകും വിനീത് എത്തുക.
നായകനായും സഹനടനായും വില്ലനായും മലയാള പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടന്‍ മികച്ചൊരു നര്‍ത്തകന്‍ കൂടിയാണ്. 'കുരുവി പാപ്പ'യില്‍ കേന്ദ്ര കഥാപാത്രമായാണ് വിനീത് എത്തുന്നത്. ഈ വര്‍ഷം റിലീസായ ഫഹദ് ഫാസില്‍ നായകനായ 'പാച്ചുവും അത്ഭുത വിളക്കും', 'ധൂമം' എന്നീ സിനിമകളിലും വിനീത് അഭിനയിച്ചിരുന്നു.
അതേസമയം മുക്തയുടെയും ശക്തമായ തിരിച്ചുവരവ് കൂടിയാകും 'കുരുവി പാപ്പ'. ഈ സിനിമയിലൂടെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുക്ത മോളിവുഡിലേക്ക് തിരികെ എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മുക്ത. 2015ലായിരുന്നു മുക്തയുടെ വിവാഹം.
- " class="align-text-top noRightClick twitterSection" data="">
ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. മുക്തയ്‌ക്ക് ഒരു മകളുണ്ട്. കിയാര റിങ്കു എന്നാണ് മകളുടെ പേര്. തന്‍റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്‌റ്റഗ്രാമിലൂടെയും മുക്ത തന്‍റെയും മകളുടെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
'കുരുവി പാപ്പ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടന്‍മാരായ ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ഫേസ്‌ബുക്കിലൂടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. വിനീതും മുക്തയും കുഞ്ഞുമാണ് ഫസ്‌റ്റ് ലുക്കില്‍.
വിനീത്, മുക്ത എന്നിവരെ കൂടാതെ ലാല്‍ ജോസ്, കൈലാഷ്, ഷെല്ലി കിഷോര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ജോണി ആന്‍റണി, കിച്ചു ടെല്ലസ്, തന്‍ഹ ഫാത്തിമ, സാജിദ് യഹിയ, സന്തോഷ് കീഴാറ്റൂര്‍, ബിറ്റോ ഡേവിഡ്, പ്രസന്ന മാസ്‌റ്റര്‍, അരിസ്‌റ്റോ സുരേഷ്, ജീജ സുരേന്ദ്രന്‍, പ്രിയങ്ക, രമ്യ രാജേഷ്, മായ വിശ്വനാഥ്, നീരവ് മാധവ്, സിന്ധു, കാര്‍ത്തിക് സൂര്യ, കലാ മാസ്‌റ്റര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ജോഷി ജോണ്‍ ആണ് സിനിമയുടെ സംവിധാനം. 'സ്‌റ്റാന്‍ഡേര്‍ഡ് 10 ഇ', '1999 ബാച്ച്' എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ജോഷി ജോണിന്‍റെ ചിത്രം കൂടിയാണ് 'കുരുവി പാപ്പ'. വിപിന്‍ മോഹന്‍ ആണ് ഛായാഗ്രഹണം. പ്രദീപ് ടോം, യുനിസ് യോ എന്നിവരുടെ സംഗീതത്തില്‍ ധന്യ പ്രദീപ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ഗാനാലാപനം.
ഒരു ഫാമിലി സറ്റയര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. സീറോ പ്ലസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ബഷീര്‍ കെകെ ആണ് സിനിമയുടെ നിര്‍മാണം. ക്ലാപ്പ് ബോയ് മൂവി സ്‌റ്റുഡിയോസാണ് 'കുരുവി പാപ്പ'യുടെ സഹ നിര്‍മാതാക്കള്‍. ബിസ്‌മിത് നിലമ്പൂര്‍, ജാസ്‌മിന്‍ ജാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ. നേരത്തെ സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും എറണാകുളത്ത് വച്ച് നടന്നിരുന്നു.