മുപ്പതോളം ഇന്‍റർനാഷണൽ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയ്‌ക്ക് മറ്റൊരു പൊൻതൂവൽ കൂടി. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്‌ത ഈ ചിത്രം ഇപ്പോഴിത ഓസ്‌കറിലും മാറ്റുരക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയാണ് നേടിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മധ്യപ്രദേശിലെ ഗോത്ര വിഭാഗത്തിന്‍റെ തനിമയില്‍ തയ്യാറാക്കിയ 'ഏക് സപ്‌നാ മേരാ സുഹാന', 'ജല്‍താ ഹേ സൂരജ്', പാട്ടുകളാണ് മാറ്റുരക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകന്‍ അല്‍ഫോൺസ് ജോസഫാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. സിനിമയ്‌ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും ഇദ്ദേഹം തന്നെയാണ്.
വിവിധ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ശ്രദ്ധേയമായ ചലച്ചിത്രമേളകളില്‍ ഇടം നേടിയ ഈ ബോളിവുഡ് സിനിമ മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയിലാണ് ഒരുങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും അതിന്‍റെ പേരിൽ ദാരുണമായി കൊല ചെയ്യപ്പെടുകയും സിസ്റ്റർ റാണി മരിയയുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളികളുടെ പ്രിയ താരം വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി വേഷമിട്ടത്.
മലയാളം സംസാരിക്കുന്ന സിസ്റ്റർ റാണി മരിയയുടെ മുഖസാദൃശ്യമുള്ള ഒരു നായികയ്ക്ക് വേണ്ടി ഏറെ അന്വേഷണങ്ങൾ നടത്തിയ ശേഷമാണ് വിൻസി അലോഷ്യസിലേക്ക് എത്തിയതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഏതായാലും 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ഓസ്‌കാർ യോഗ്യത പട്ടികയിൽ ഇടംനേടിയ വാർത്ത മലയാഴികൾക്കും അഭിമാനമാവുകയാണ്. ഓസ്‌കാർ യോഗ്യത പട്ടികയിൽ ഇടം പിടിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവിൽ 94 ഗാനങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ഇരുപത്തിയൊന്നാം വയസില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി, ഒരു പ്രദേശത്തെ പീഡിത ജനതയ്‌ക്കായി ജീവിതം ഹോമിച്ച, വാഴ്‌ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം ഗംഭീരമായി തന്നെ തിരശീലയിലേക്ക് പകർത്തിയെന്നാണ് നിരൂപകരും വിലയിരുത്തുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളം, ഹിന്ദി, സ്‌പാനിഷ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ന്യൂയോര്‍ക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകളും 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയിലൂടെ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയില്‍ 'ബെസ്റ്റ് വുമന്‍സ് ഫിലിം 'പുരസ്‌കാരവും കാനഡയിലെ ടൊറന്‍റോ ഇന്‍ഡിപെന്‍ഡന്‍റ് ഫിലിം ഫെസ്റ്റിവലില്‍ 'ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം പുരസ്‌കാരവും തുടങ്ങി മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് ഈ സിനിമ വാരിക്കൂട്ടിയത്.
സാന്ദ്ര ഡിസൂസ റാണയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ജയപാല്‍ അനന്തനാണ് തിരക്കഥ രചിച്ചത്. ഷാരൂഖ് ഖാൻ ചിത്രം സ്വദേശ് അടക്കമുള്ള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച, ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ആനെയാണ് സിനിമയ്‌ക്ക് കാമറ ചലിപ്പിച്ചത്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് രഞ്ജന്‍ എബ്രഹാം. ഗാനരചന നിര്‍വഹിച്ചത് കൈതപ്രത്രമാണ്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാട്. കെ എസ് ചിത്ര, ജാവേദ് അലി, ഹരിഹരൻ തുടങ്ങിയവർ ഗായകരായും 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയുടെ അണിയറയിലുണ്ട്.