വിനയ് ഫോര്‍ട്ട് (Vinay Forrt) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആട്ടം' (Aattam). നവാഗതനായ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച 'ആട്ട'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി (Aattam Trailer). നിരവധി സങ്കീര്‍ണതകളിലൂടെയാണ് 2.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കടന്നു പോകുന്നത്.
ട്രെയിലറിലെ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 'എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു, എപ്പോള്‍ സംഭവിച്ചു, അതൊന്നും ആരും ചോദിക്കാന്‍ പാടില്ല, അതൊക്കെ വല്യ തെറ്റാണല്ലാ...' -എന്നിങ്ങനെയുള്ള ട്രെയിലറില്‍ നിന്നുള്ള ഡയലോഗും ശ്രദ്ധ നേടുകയാണ്.
Also Read: 'അരങ്ങും കടന്ന് നാടകം തുടരും'; വ്യത്യസ്‌തമായി വിനയ് ഫോര്‍ട്ടിന്‍റെ 'ആട്ടം' ഫസ്‌റ്റ് ലുക്ക്
സെറിന്‍ ഷിഹാബ് (Zarin Shihab) ആണ് സിനിമയില്‍ വിനയ്‌യുടെ നായികയായി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരും നാടക രംഗത്തെ നിരവധി മികച്ച കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കും. 2024 ജനുവരി 5നാണ് 'ആട്ടം' തിയേറ്ററുകളില്‍ എത്തുക (Aattam Release).
- " class="align-text-top noRightClick twitterSection" data="">
ചേംബര്‍ ഡ്രാമ (പരിമിതമായ പരിതസ്ഥിതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം ചില കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരുക്കുന്ന സിനിമ) വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടു വരുന്ന രീതിയിലാണ് ചിത്രം. കഥയുടെ പുരോഗതിക്ക് അനുസരിച്ച് പതിയെ പതിയെ പുറത്തു വരുന്ന നിരവധി സസ്‌പെന്‍സുകളുമായാണ് 'ആട്ടം' എത്തുന്നത്.
തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിച്ച് നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി. കഴിഞ്ഞ ദിവസം (ഡിസംബര്‍ 8) തലസ്ഥാന നഗരിയില്‍ ആരംഭിച്ച 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും 'ആട്ടം' പ്രദര്‍ശിപ്പിക്കുന്നുണ്ട് (Aattam screening in IFFK). 2023ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത് (Aattam screened in International film fest) .
ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ മികച്ച സിനിമയ്‌ക്കുള്ള അവാര്‍ഡും 'ആട്ടം' സ്വന്തമാക്കി. ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്‍റെ ഉദ്‌ഘാടന ചിത്രമായും 'ആട്ടം' പ്രദര്‍ശിപ്പിച്ചിരുന്നു. 'ആട്ട'ത്തിന് രണ്ട് ജെ സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് സിനിമയുടെ നിര്‍മാണം. അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബേസില്‍ സി ജെ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
Also Read: വിഹാന് കഥ പറഞ്ഞുകൊടുത്ത് വിനയ് ഫോര്‍ട്ട്