ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വത്തിന്‍റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്. ദൃശ്യവിസ്‌മയം സമ്മാനിച്ചുളള ബിഗ് ബജറ്റ് സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 1.21 മിനിറ്റ് ദൈര്‍ഘ്യമുളള ടീസറില്‍ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങളും, കൂറ്റന്‍ സെറ്റുകളും, താരങ്ങളുടെ വേഷവിധാനവുമെല്ലാം വിസ്‌മയ കാഴ്‌ചകളാണ്.
വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി, പാര്‍ത്ഥിപന്‍, റഹ്മാന്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് സിനിമയിലുളളത്. മണിരത്‌നം ചിത്രമായത് കൊണ്ട് തന്നെ വലിയ ആകാംക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം സെപ്‌റ്റംബറിലാണ് ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുക.
ടീസറിന് മുന്‍പായി ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ കാരക്‌ടര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ എന്നീ താരങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്. പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടൈറ്റില്‍ കഥാപാത്രത്തെ ജയം രവിയാണ് അവതരിപ്പിക്കുന്നത്. രാജ രാജ ചോഴനായാണ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ നടന്‍ എത്തുക.
- " class="align-text-top noRightClick twitterSection" data="">
വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍റെ ഇളയ സഹോദരനാണ് അരുള്‍മൊഴി വര്‍മനെന്ന രാജ രാജ ചോഴന്‍. വന്തിയ തേവനായി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാജ്ഞിയായി തൃഷ കൃഷ്‌ണനും എത്തുന്നു. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരിലുളള പ്രശസ്‌ത നോവലിനെ ആസ്‌പദമാക്കിയാണ് മണിരത്‌നം സിനിമ എടുത്തത്.
ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുളള 2400 പേജുളള നോവലാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം റിലീസ് ചെയ്യും. ശോഭിത ധുലിപാല, ലാല്‍, റിയാസ് ഖാന്‍, മോഹന്‍ രാമന്‍, അമല പോള്‍, റാഷി ഖന്ന, ശരത് കുമാര്‍, സത്യരാജ്, പ്രകാശ് രാജ്, വിക്രം പ്രഭു എന്നിവരും സിനിമയിലുണ്ട്.
സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. രവി വര്‍മനാണ് ഛായാഗ്രഹണം. ഇളങ്കോ കുമാരവേല്‍ തിരക്കഥ എഴുതിയിരിക്കുന്നു. മണിരത്‌നവും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.