'കാത്ത് വാക്കുലെ രണ്ട് കാതലി'ന് ശേഷം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഗാന്ധി ടോക്‌സ്'. വിജയ് സേതുപതിക്ക് പുറമേ അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം തന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് വിജയ് സേതുപതി ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
ഡാര്‍ക്ക് സറ്റൈറിക്കല്‍ കോമഡി ഗണത്തില്‍പ്പെടുന്ന നിശബ്‌ദ ചിത്രമാണ് 'ഗാന്ധി ടോക്‌സ്'. ഇന്ത്യന്‍ സിനിമക്കും ദാദാ സാഹിബ് ഫാല്‍ക്കെയ്ക്കുമാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രശസ്‌ത മറാഠി സംവിധായകന്‍ കിഷോര്‍ പാണ്ഡുരംഗ് ബേലേക്കറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മൂവി മിൽ എന്‍റർടെയ്‌ൻമെന്‍റാണ് നിര്‍മിക്കുന്നത്.
ഹിന്ദു പുരാണത്തിലെ പാലാഴി മഥനത്തെ കുറിച്ചും ചിത്രത്തില്‍ റെഫറന്‍സുണ്ടെന്നാണ് സൂചന. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്. ക്യൂരിയസുമായി ചേര്‍ന്ന് സീ സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ചിത്രം: മുതലാളിത്ത വ്യവസ്ഥ, വര്‍ണവിവേചനം, സമൂഹം എന്നിവയെ കുറിച്ചുള്ള സോഷ്യല്‍ കമന്‍ററിയാണ് ചിത്രം. കഴിഞ്ഞ 19 വർഷമായി ചിത്രത്തിന്‍റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നുവെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലൂടെ സമൂഹത്തിൽ നല്ല മാറ്റം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്നും കിഷോര്‍ പാണ്ഡുരംഗ് ബേലേക്കർ വ്യക്തമാക്കിയിരുന്നു.
'പലപ്പോഴും നിശബ്‌ദതയ്ക്ക് വാക്കുകളേക്കാള്‍ ശക്തിയുണ്ട്, ഇത് സത്യമാണെന്ന് ഈ സിനിമ തെളിയിക്കും. സമൂഹത്തിലുണ്ടാകുന്ന അപചയങ്ങളാണ് 'ഗാന്ധി ടോക്‌സ്' ഉയർത്തിക്കാട്ടുന്നത്. സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോൾ, ആളുകളുടെ കാഴ്‌ചപ്പാടുകളില്‍ മാറ്റമുണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്,' സംവിധായകൻ പറയുന്നു.
സമൂഹത്തില്‍ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ചിത്രം നിർമിക്കുന്നതിലാണ് പ്രൊഡക്ഷൻ ഹൗസ് വിശ്വസിക്കുന്നുവെന്നും 'ഗാന്ധി ടോക്‌സ്' അത്തരത്തിലുള്ള ഒരു ചിത്രമാണെന്നും സീ സ്റ്റുഡിയോയിലെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ പറഞ്ഞു. 'പ്രതീക്ഷ നൽകുന്നതും ഒരു മാറ്റം കൊണ്ടുവരാൻ കഴിവുള്ളതുമായ സിനിമ നിർമ്മിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. 'ഗാന്ധി ടോക്‌സ്' തീർച്ചയായും അത്തരത്തിലുള്ള ഒരു ശ്രമമാണ്. മഹത്തരമായ ഒരു കാര്യത്തിലേക്കുള്ള അർത്ഥവത്തായ ചുവടുവയ്‌പായാണ് ഇത് അനുഭവപ്പെടുന്നത്,' പട്ടേല്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
Also read: ഗാന്ധി ടോക്ക്സ്; സൈലന്‍റ് മൂവിയുമായി ഹിന്ദി സംവിധായകനൊപ്പം വിജയ് സേതുപതി