ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം വിജയ് രാഘവേന്ദ്രയുടെ (Vijay Raghavendra) ഭാര്യ സ്‌പന്ദന (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാങ്കോക്കില്‍ വച്ച് ഇന്നലെ (ഓഗസ്റ്റ് 06) ആയിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായാണ് സ്‌പന്ദന (Spandana) ബാങ്കോക്കിലെത്തിയത്. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന സ്‌പന്ദനയെ രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വിജയ് രാഘവേന്ദ്രയുടെ സഹോദരന്‍ മാധ്യമങ്ങളെ അറിയിച്ചു. ഉടൻ തന്നെ സ്‌പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ മൃതദേഹം ബെംഗളൂരുവിൽ എത്തിക്കും. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുക്കൾ ഇതിനോടകം ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ മാസം 16-ാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് നടിയുടെ മരണം. 2007ലാണ് വിജയ രാഘവേന്ദ്രയും സ്‌പന്ദനയും വിവാഹിതരായത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. മകൻ -ശൗര്യ. കിസ്മത്, അപൂർവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിരമിച്ച ബെംഗളൂരു എ സി പി ബികെ ശിവറാമിന്‍റെ (BK Shivaram) മകളും കോൺഗ്രസ് എംഎൽസി ബി കെ ഹരിപ്രസാദിന്‍റെ (BK Hariprasad ) മരുമകളുമാണ്. സ്പന്ദനയുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ദുഃഖം രേഖപ്പെടുത്തി.
ബെംഗളുരു സ്വദേശിയായ സ്‌പന്ദന സ്റ്റെല്ല മേരീസ് എക്സ്ട്രീം സ്കൂളിൽ ആയിരുന്നു തന്‍റെ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിലെ എം ഇ എസ് കോളജിൽ നിന്നായിരുന്നു ബിരുദം. 2016-ൽ പുറത്തിറങ്ങിയ 'അപൂർവ' എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ബിഗ് സ്ക്രീനില്‍ തന്‍റെ സാന്നിധ്യമറിയിക്കാൻ സ്‌പന്ദനയ്ക്ക് കഴിഞ്ഞിരുന്നു. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രശസ്‌തനായ താരമാണ് സ്‌പന്ദനയുടെ ഭർത്താവായ വിജയ് രാഘവേന്ദ്ര.
Also Read: 'അങ്ങാടി തെരു'വിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു, മരണം അര്‍ബുദ ബാധയെ തുടര്‍ന്ന്
ബാലതാരമായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 1993-ൽ മികച്ച ബാലതരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. കർണാടക സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ നേടിയിട്ടുള്ള അദ്ദേഹം 2018ൽ പുറത്തിറങ്ങിയ 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തും ചുവടുറപ്പിച്ചിരുന്നു. സ്‌പന്ദനയായിരുന്നു ഈ ചിത്രത്തിന്‍റെ നിർമ്മാതാവ്. വിജയ് രാഘവേന്ദ്ര പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രം അൽഫോണ്‍സ് പുത്രന്‍റെ 'നേരം' എന്ന മലയാള സിനിമയുടെ കന്നഡ റീമേക്ക് ആണ്.