മലയാള സിനിമയില്‍ വേറിട്ട പരീക്ഷണവുമായി ഒരു ചിത്രമെത്തുന്നു, 'വാലാട്ടി'. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു ആണ് വാലാട്ടി നിർമിക്കുന്നത്. നവാഗതനായ ദേവൻ ആണ് ചിത്രത്തിന്‍റെ സംവിധാനം. അഭിനേതാവായും വിജയ് ബാബു ചിത്രത്തിന്‍റെ ഭാഗമായുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ കാഴ്‌ചക്കാരുടെ ഹൃദയം കവരുകയാണ്. 11 നായകളെയും ഒരു പൂവൻ കോഴിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം എത്തുന്നത് എന്നതുതന്നെയാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രമായി ഒരുക്കുന്ന 'വാലാട്ടി' വളര്‍ത്തുമൃഗങ്ങളുടെ കഥയാണ് പറയുന്നത്.
നേരത്തെയും നായകൾ കഥാപാത്രമായി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ‘വാലാട്ടി’ ഒരു പുത്തൻ സിനിമാനുഭവം തന്നെയാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. മലയാളത്തിലെ മുൻനിര താരങ്ങളാണ് നായ്ക്കൾക്ക് ശബ്‌ദം നൽകുന്നത് എന്നതും ഹൃദയഹാരിയായ ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്‌ക്കളുടെ ശബ്‌ദമാകുന്നത്.
അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയാകും. ജൂലൈ 14 ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനായി എത്തുക.
നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രം പ്രമേയമാക്കുന്നത്. ഇതിനൊപ്പം മനുഷ്യരുടെ വികാര വിചാരങ്ങൾ കൂടിയാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത് എന്നും അണിയറക്കാർ പറയുന്നു. പ്രേക്ഷകരില്‍ ചിരി പടർത്തുമ്പോഴും അതിനിടയിൽ ദൃഢമായ ബന്ധങ്ങളിലൂടെയും അതിനിടെ ഉടലെടുക്കുന്ന പിരിമുറുക്കത്തിലൂടെയും ചിത്രം കടന്നുപോവുന്നുണ്ട്.
അതേസമയം രണ്ടു വർഷം നീണ്ട് നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറയുന്നു. 75 ദിവസത്തെ ചിത്രീകരണവും പിന്നീട് ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നതായി അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
വിഷ്‌ണു പണിക്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അയൂബ് ഖാൻ എഡിറ്റിങും അരുൺ വെഞ്ഞാറമൂട് കലാസംവിധാനവും നിർവഹിക്കുന്നു. വിനയ് ബാബു ആണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലനുമാണ്.
വിജയ് ബാബു- ഇന്ദ്രന്‍സ് ചിത്രം 'പെന്‍ഡുല'വും തിയേറ്ററുകളിലേക്ക്: ‘വാലാട്ടി’യുടെ നിർമാതാവ് വിജയ് ബാബു നായകനായെത്തുന്ന ചിത്രം പെൻഡുലം റിലീസിനൊരുങ്ങുന്നു. ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമ നവാഗതനായ റെജിന്‍ എസ് ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജൂൺ 16 നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്‍റർനാഷണൽ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. അരുണ്‍ ദാമോദരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സമീർ ബിൻസി, ടിറ്റോ പി പാപ്പച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ജീൻ ആണ്.
READ MORE: വിജയ് ബാബു- ഇന്ദ്രന്‍സ് ചിത്രം പെന്‍ഡുലം തിയേറ്ററുകളിലേക്ക്, ജൂണ്‍ 16ന് റിലീസ്