ടൊവിനോ തോമസിന്‍റെ Tovino Thomas പുതിയ പ്രൊജക്‌ടുകളിലൊന്നാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' Anveshippin Kandethum. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 75 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു സിനിമയുടെ ചിത്രീകരണം.
35 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍. കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്ന ടാഗ്‌ലൈനോടു കൂടിയാകും ചിത്രം പുറത്തിറങ്ങുക.
ഒരു ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പതിവ് ഇന്‍വെസ്‌റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്നും മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോ തോമസിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്‌ടുകളില്‍ ഒന്നാകും എന്നതില്‍ സംശയമില്ല.
ടൊവിനോയെ കൂടാതെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, ബാബുരാജ്, പി.പി കുഞ്ഞികൃഷ്‌ണന്‍, സാദിഖ്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശന്‍, പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, രമ്യ സുവി, അര്‍ത്ഥന ബിനു, ശരണ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും.
ഡാര്‍വിന്‍ കുര്യാക്കോസാണ് സിനിമയുടെ സംവിധാനം. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് നാരായണന്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായ സന്തോഷ് നാരായണന്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. സൈജു ശ്രീധര്‍ എഡിറ്റിംഗും നിര്‍വഹിക്കും. ദിലീപ് നാഥ് കലാ സംവിധാനവും, സമീറ സനീഷ് കോസ്‌റ്റ്യൂമും, സജി കാട്ടാക്കട മേക്കപ്പും നിര്‍വഹിക്കും.
'നടികര്‍ തിലകം', 'അജയന്‍റെ രണ്ടാം മോഷണം', 'വഴക്ക്' എന്നിവയാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള ഡേവിഡിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയിനറാണ് ചിത്രം.
അതേസമയം ടൊവിനോയുടെ 'വഴക്ക്' ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുക. ഒരു ക്രൈം ഡ്രാമയായാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായ ഒരു വ്യക്തി തന്‍റെ ഭാര്യയെ ചതിച്ച് യാത്ര പോകുന്നതാണ് ചിത്രപശ്ചാത്തലം.