ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്‌ത ഏറ്റവും ചിത്രമാണ് 'നീലവെളിച്ചം'. സിനിമ നാളെ (ഏപ്രില്‍ 20) തിയേറ്ററുകളില്‍ എത്തുകയാണ്. നീലവെളിച്ചത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം നീലവെളിച്ചത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. 'പൊട്ടിത്തകര്‍ന്ന കിനാവ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പി.ഭാസ്‌കരന്‍റെ രചനയില്‍ എംഎസ് ബാബുരാജിന്‍റെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1964ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗവീ നിലയം' എന്ന സിനിമയിലെ പൊട്ടിത്തകര്‍ന്ന കിനാവ് എന്ന ഗാനത്തിന്‍റെ പുനരാവിഷ്‌കരണമാണ് ഈ ഗാനം.
നേരത്തെ വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'ഏകാന്തതയുടെ മഹാതീരം' എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ടൊവിനോ തോമസും ഗാനം പങ്കുവച്ച് പ്രത്യേക കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്‌മശാനം! പ്രേമത്തിന്‍റെ ശവകുടീരം! പ്രേമത്തിന്‍റെ ശ്‌മശാനം!'-ഇപ്രകാരമായിരുന്നു ടൊവിനോ തോമസ് ഫേസ്‌ബുക്കില്‍ കുറിച്ചത്. പ്രശസ്‌ത ഗാനരചയിതാവ് പി ഭാസ്‌കരന്‍റെ വരികള്‍ക്ക് എംഎസ് ബാബുരാജിന്‍റെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചത്.
1964ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗവീ നിലയം' എന്ന സിനിമയിലെ 'ഏകാന്തതയുടെ അപാരതീരം' എന്ന ഗാനത്തിന്‍റെ പുനരാവിഷ്‌കരണമാണ് 'നീലവെളിച്ച'ത്തിന്‍റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനം. 'ഭാര്‍ഗവീ നിലയ'ത്തിനായി കമുകറ പുരുഷോത്തമനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്‌ത കൃതിയായ 'നീലവെളിച്ചം' എന്ന കഥയെ ആസ്‌പദമാക്കി അതേപേരില്‍ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് 'നീലവെളിച്ചം'. ചിത്രത്തില്‍ മുഹമ്മദ് ബഷീര്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കഥകളുടെ സുല്‍ത്താനായി ടൊവിനോ തോമസിന്‍റെ പരകായ പ്രവേശം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍
പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഒരു യുവ കഥാകൃത്തിന്‍റെ അനുഭവങ്ങളാണ് 'നീലവെളിച്ചം' പറയുന്നത്. കഥാനായകനും ആ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധമാണ് ചിത്രപശ്ചാത്തലം. ബഷീറിന്‍റെ തന്നെ 'നീലവെളിച്ച'ത്തെ ആസ്‌പദമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്‌ത് 59 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് 'നീലവെളിച്ച'ത്തിന് വീണ്ടും പുനരാവിഷ്‌കരണം ഉണ്ടാവുന്നത്. എ.വിന്‍സെന്‍റ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, വിജയനിര്‍മ്മല, പി.ജെ ആന്‍റണി തുടങ്ങിയവരാണ് വേഷമിട്ടത്.
റിമ കല്ലിങ്കല്ലും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ഉമ കെ.പി, ജയരാജ് കോഴിക്കോട്, അഭിറാം രാധാകൃഷ്‌ണന്‍, ജിതിന്‍ പുത്തഞ്ചേരി, രഞ്ജി കങ്കോല്‍, പ്രമോദ് വെളിയനാട്, നിസ്‌തര്‍ സേട്ട്, തസ്‌നീം, ദേവകി ഭാഗി, പൂജ മോഹന്‍ രാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. വി.സാജന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മാണം. സജിന്‍ അലി പുലാല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഋഷികേശ് ഭാസ്‌കര്‍ ചിത്രത്തിന്‍റെ അധിക തിരക്കഥ എഴുതിയിരിക്കുന്നു.
Also Read: 'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! പ്രേമത്തിന്‍റെ ശവകുടീരം!'; ഏകാന്തതയുടെ മഹാതീരം തേടി ടൊവിനോ തോമസ്