കോഴിക്കോട് : മനസിൽ എന്നും നീറുന്ന ഓർമയാണ് എസ്.പി ബാലസുബ്രഹ്മണ്യമെന്ന് പ്രശസ്‌ത നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ (Swargachitra Appachan shares his memories with S P Balasubrahmanyam). അദ്ദേഹം നിർമിച്ച റാംജിറാവ് സ്‌പീക്കിങ് എന്ന സിനിമയിലൂടെയാണ് എസ്.പി.ബി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്‌തത്. ബിച്ചു തിരുമല എഴുതിയ 'കളിക്കളം ഇതു കളിക്കളം, പടക്കളം ഒരു പടക്കളം' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ആയിരുന്നു അത്.
നവാഗത സംഗീത സംവിധായകൻ എസ്. ബാലകൃഷ്‌ണനാണ് ബാലസുബ്രഹ്മണ്യത്തിൻ്റെ പേര് അപ്പച്ചനോട് പറഞ്ഞത്. തെലുഗുവില്‍ പാടുന്ന വ്യത്യസ്‌ത ശബ്‌ദക്കാരനുണ്ട്. അയാളെക്കൊണ്ട് നമുക്ക് ഈ പാട്ടുപാടിക്കാമെന്ന് ബാലകൃഷ്‌ണൻ പറഞ്ഞു. ഉടൻ സമ്മതം അറിയിച്ചു. കോദണ്ഡപാണി സ്റ്റുഡിയോയിൽ ഉച്ചതിരിഞ്ഞ് രണ്ട് മുതൽ 9 മണി വരെയാണ് റെക്കോർഡിങ്. നാല് മണിയായപ്പോൾ ബാലസുബ്രഹ്മണ്യം എത്തി. പരിചയപ്പെട്ടു, അര മുക്കാൽ മണിക്കൂർ കൊണ്ട് പാട്ടും പാടി അദ്ദേഹം തിരിച്ച് പോയി. 1989, യേശുദാസ് ജ്വലിച്ച് നിൽക്കുന്ന സമയത്ത് എസ്.പി.ബി മലയാളത്തിൽ ആദ്യമായി വരവറിയിച്ചു. ആ ഗാനം വലിയ ചലനം സൃഷ്‌ടിച്ചു (Swargachitra Appachan About SP Balasubrahmanyam).
പിന്നീടങ്ങോട്ട് എസ്.പി.ബിയുടെ വളർച്ചയായിരുന്നു. നമുക്കൊന്നും കൈയെത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് അദ്ദേഹം വളർന്നു. ബഹുഭാഷ ഗായകനായി. പിന്നീട് ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മരണശേഷമാണ് അദ്ദേഹത്തിൻ്റെ പാട്ടിൻ്റെ ആഴവും അത് തരുന്നൊരു ലഹരിയും കൂടുതൽ അനുഭവപ്പെട്ടതെന്ന് അപ്പച്ചൻ പറയുന്നു. കൊവിഡ് ഏൽപ്പിച്ച ആഘാതങ്ങളിൽ നികത്താൻ പറ്റാത്തതാണ് എസ്.പി.ബിയുടെ വിയോഗം. ആ ഒരു ശബ്‌ദം അപൂർവങ്ങളിൽ അപൂർവമാണ്. അത് മറ്റാർക്കുമില്ല. ആ മാധുര്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞത് ജീവിതത്തിൽ എന്നും നല്ല ഓർമയാണ് അപ്പച്ചന്.
പാലാക്കാരനായ പി.ഡി എബ്രഹാമാണ് പിന്നീട് സ്വർഗ്ഗചിത്ര അപ്പച്ചനായത്. കോഴിക്കോടിൻ്റെ കിഴക്കൻ മലയോരത്തേക്ക് കുടിയേറി താമസിച്ച അപ്പച്ചൻ്റേത് കാർഷിക കുടുംബമായിരുന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ട് അതിൽ ആകൃഷ്‌ടനായി സിനിമ പിടിക്കാൻ മോഹം വന്നു. ഒരു ദിവസം രാവിലെ ആലപ്പുഴയ്ക്കുള്ള കെ.എസ്.ആർ.ടി.സിയിൽ കയറി, ഫാസിലിനെ കാണാൻ. പലകുറി കണ്ട് ഒടുവിൽ 'പൂവിന് പുതിയ പൂന്തെന്നൽ' പിറന്നു. പിന്നാലെ 'മണിവത്തൂരിലെ ആയിരം ശിവരാത്രി'കളും. പാച്ചിക്കയുടെ (ഫാസിൽ) ശിഷ്യന്മാരായ സിദ്ധിഖ്-ലാൽ റാംജിറാവ് സ്‌പീക്കിംഗ് സംവിധാനം ചെയ്‌തപ്പോൾ അതിലെ നിർമാതാക്കളിൽ ഒരാളായി.
മഹാവിജയത്തിന് പിന്നാലെ ഗോഡ്‌ഫാദർ, എൻ്റെ സൂര്യപുത്രിക്ക്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, വേഷം... അങ്ങനെ നീളുന്നു ചിത്രങ്ങളുടെ പട്ടിക. മണിച്ചിത്രത്താഴ് നിരവധി ഇന്ത്യൻ ഭാഷകളിൽ പുനർനിർമിക്കപ്പെട്ടു. 1993 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയായിരുന്നു അത്.
തമിഴിലെ ആദ്യത്തെ മലയാളി പ്രൊഡ്യൂസറുമായി. വിജയ് സൂര്യ ജോഡികളെ സൂപ്പർ താര പദവിയിലേക്ക് എത്തിച്ച 'ഫ്രണ്ട്സ്' തമിഴിൽ സിദ്ദിഖ് തന്നെ സംവിധാനം ചെയ്‌തു. വിജയ് തിളങ്ങിയ അഴകിയ തമിഴ് മകനും നിര്‍മിച്ചു. നിരവധി ചിത്രങ്ങളുടെ വിതരണാവകാശിയുമായി. സിബിഐ 5 ൻ്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് അപ്പച്ചൻ.
ദിലീപ് ആയിരുന്ന എ.ആർ റഹ്മാൻ റാംജിറാവ് സ്‌പീക്കിംഗിന് വേണ്ടി കീബോർഡ് വായിക്കാൻ വന്നതും മൂവായിരം രൂപ പ്രതിഫലം വാങ്ങി കാൽ തൊട്ട് വന്ദിച്ച് മടങ്ങിയതും ഇതിനൊപ്പം ഓർക്കുകയാണ് അപ്പച്ചൻ. പിന്നീട് ഒരു കോടി പ്രതിഫലം വാങ്ങുന്ന റഹ്മാനെ കൊണ്ട് ഒരു പാട്ട് മാറ്റി ചെയ്‌ത് വാങ്ങിച്ച ഓർമയുമുണ്ട് അദ്ദേഹത്തിന് പങ്കുവയ്ക്കാന്‍. അത് അടുത്ത ഭാഗത്തിൽ.