ഹൈദരാബാദ്: പരമ്പരാഗത രീതിയില്‍ വിവാഹം ചെയ്യാനൊരുങ്ങി സ്വര ഭാസ്‌കറും ഭര്‍ത്താവ് ഫഹദ് അഹമ്മദും. നേരത്തെ വിവഹം നിയമപരമായി രജിസ്റ്റര്‍ ചെയ്‌ത ദമ്പതികള്‍ ഒരാഴ്‌ച നീളുന്ന വിവാഹ ആഘോഷങ്ങളാണ് നടത്താനൊരുങ്ങുന്നത്. പരമ്പരാഗത രീതിയിലുള്ള വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
ജനുവരി ആറിനായിരുന്നു ബോളിവുഡ് താരം സ്വര ഭാസ്‌കറും സമാജ് വാദി പാര്‍ട്ടിയുടെ യുവജന സംഘം (സമാജ്‌വാദി യുവജന സഭ) സംസ്ഥാന അധ്യക്ഷന്‍ ഫഹദ് അഹമ്മദും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്‌തത്. മിക്ക ബി ടൗണ്‍ സെലിബ്രിറ്റികളും വൈവിധ്യമാര്‍ന്ന വെഡിങ് ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വര ഭാസ്‌കര്‍ അല്‍പം മാറ്റി പിടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ വീട്ടിലാണ് സ്വര-ഫഹദ് ദമ്പതികളുടെ പരമ്പരാഗത വിവാഹം നടക്കുന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.
ഒരാഴ്‌ച നീളുന്ന ആഘോഷങ്ങള്‍: വിവാഹ ആഘോഷങ്ങള്‍ക്കായി വീട് അലങ്കരിച്ചതിന്‍റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ദീപാലങ്കാരങ്ങള്‍ കൊണ്ട് മനോഹരമാക്കിയ വീടിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവച്ചതില്‍ ഏറെയും. വിവാഹ ഒരുക്കങ്ങൾ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നാളെ ആരംഭിക്കുന്ന വിവാഹ ചടങ്ങുകള്‍ ഒരാഴ്‌ച നീണ്ടു നില്‍ക്കും. മാര്‍ച്ച് 16 വരെയാണ് സ്വരയുടെ വസതിയില്‍ ചടങ്ങുകള്‍ നടക്കുക. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്വരയുടെ സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവച്ചിട്ടുണ്ട്.
ആർതി കുഞ്ച് ബിഹാരി കിയിലെ കസ്‌തൂരി തിലകിന് ചുവടുവയ്‌ക്കുന്ന സുഹൃത്തുക്കളാണ് വീഡിയോയില്‍ ഉള്ളത്. തങ്ങളുടെ സഹോദരിയെ യാത്രയാക്കാന്‍ തങ്ങള്‍ ഒരുങ്ങി കഴിഞ്ഞു എന്ന കുറിപ്പോടെയാണ് സ്വരയുടെ സുഹൃത്തുക്കള്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
സമരമുഖത്ത് വിരിഞ്ഞ സൗഹൃദം: 2020 ജനുവരിയിൽ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രകടനത്തിൽ പങ്കെടുക്കവെയാണ് ആക്‌ടിവിസ്റ്റ് കൂടിയായ സ്വര ഭാസ്‌കര്‍ ഫഹദിനെ ആദ്യമായി കാണുന്നത്. സിഎഎയ്‌ക്കെതിരെ ചെറുത്തുനിൽപ്പ് പ്രസ്ഥാനം ആരംഭിക്കാൻ ഒരു കൂട്ടം വിദ്യാർഥികളെ പ്രചോദിപ്പിച്ച വിദ്യാർഥി നേതാവായിരുന്നു ഫഹദ്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
പ്രണയം പിന്നീട് വിവാഹത്തിലേക്ക് നയിച്ചു. ഈ വര്‍ഷം ജനുവരി ആറിന് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരാകുകയായിരുന്നു. ട്വിറ്ററിലൂടെ സ്വര ഭാസ്‌കര്‍ തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
'എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം, അല്‍പം കുഴപ്പം പിടിച്ചതാണെങ്കിലും ഈ ഹൃദയം നിങ്ങളുടേതാണ്' -ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സ്വര ട്വിറ്ററില്‍ കുറിച്ചിരുന്നു. 'കുഴപ്പം പിടിച്ചവ ഇത്രയും മനോഹരമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്‍റെ കൈകള്‍ കോര്‍ത്ത് പിടിച്ചതിന് നന്ദി' -സ്വരയുടെ ട്വീറ്റിന് മറുപടിയായി ഫഹദ് കുറിച്ചു. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തു വന്നത്.
2009ലാണ് സ്വര ഭാസ്‌കര്‍ സിനിമ രംഗത്ത് എത്തുന്നത്. മധോലാല്‍ കീപ് വാക്കിങ് ആയിരുന്നു ആദ്യ ചിത്രം. പീന്നീട് തനു വെഡ്‌സ് മനു എന്ന ചിത്രത്തിലൂടെ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. ചില്ലര്‍ പാര്‍ട്ടി, രാഞ്ജന, പ്രേം രത്തന്‍ ധന്‍, ഔറംഗസേബ്, വീരെ ദി വെഡിങ് എന്നിവ സ്വരയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
Also Read: ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്