എറണാകുളം: അടുത്തിടെ ഒരു സ്വകാര്യ സാറ്റ്‌ലൈറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിതാവ് സുരേഷ് ഗോപിയുടെ രാഷ്‌ട്രീയ പ്രവർത്തനത്തെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകൾ ഗോകുൽ സുരേഷ് തുറന്നുപറഞ്ഞിരുന്നു. അച്ഛൻ സിനിമയിൽ നിന്ന് കഷ്‌ടപ്പെട്ട് സമ്പാദിച്ചതൊക്കെ അനുഭവിക്കാൻ ഏറ്റവും കൂടുതൽ ഭാഗ്യം ലഭിച്ചത് ഇവിടുത്തെ ജനങ്ങൾക്കാണെന്ന് പറഞ്ഞ ഗോകുൽ തന്‍റെ അച്ഛനെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
സ്വന്തം കുടുംബത്തിന് വേണ്ടി ചെലവാക്കുന്നതിനേക്കാൾ കൂടുതൽ പണം സുരേഷ് ഗോപി ജനങ്ങൾക്കായി ചെലവാക്കുന്നു. അദ്ദേഹത്തിന്‍റെ സഹായ മനോഭാവത്തെയും വ്യക്തിത്വത്തെയും ഇവിടത്തെ ജനങ്ങൾ തിരിച്ചറിയുന്നില്ല. എനിക്ക് വിലകൂടിയ കാറുകളോ ഹെലികോപ്റ്ററോ ഒക്കെ വാങ്ങി തന്നിട്ടാണ് അച്ഛൻ ഈ പഴി കേട്ടിരുന്നത് എങ്കിൽ വിമർശനങ്ങളോട് എനിക്ക് എതിർപ്പ് പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നു.
അച്ഛന്‍റെ രാഷ്‌ട്രീയ ബോധ്യത്തോട് ഇവിടത്തെ ജനങ്ങൾ മുഖം തിരിക്കുന്നു. ബോഡി ഷെയിമിങ് ഉൾപ്പടെയുള്ളവയ്‌ക്ക് പാത്രമാകുന്നു. ഒരു മകൻ എന്ന രീതിയിൽ ഞാൻ പ്രതികരിക്കും- എന്നിങ്ങനെയായിരുന്നു ഗോകുൽ സുരേഷിന്‍റെ വാക്കുകൾ. ഇപ്പോഴിതാ ഗോകുലിന്‍റെ പ്രസ്‌താവനകളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന 'ഗരുഡൻ' സിനിമയുടെ പ്രൊമോഷനിടെ മാധ്യമപ്രവർത്തകർ ഗോകുലിന്‍റെ അഭിപ്രായ പ്രകടനത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഒരു മകൻ എന്ന രീതിയിലാണ് ഗോകുൽ അങ്ങനെ പ്രതികരിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗോകുൽ ഉന്നയിച്ച പരാതി അവനു മാത്രമല്ല എന്‍റെ കുടുംബത്തിൽ എല്ലാവർക്കും ഉണ്ട്. പക്ഷേ ആരും തന്നെ ഇത്തരം കാര്യങ്ങൾ എന്നോട് സംസാരിക്കാറില്ല.
സുരേഷ് ഗോപി എന്ന വ്യക്തി സമ്പാദിക്കുന്ന പണം എങ്ങനെ ചെലവഴിക്കണം എന്നുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കാണുള്ളതെന്ന് എന്‍റെ ഭാര്യ പറയാറുണ്ട്. തന്‍റെ ആയുസിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിലാണ് അവരുടെ ഇടപെടലും ചിന്തയും. അതേസമയം പലപ്പോഴും പല തരത്തിലുള്ള വിമർശനങ്ങളും വേദനിപ്പിക്കാറുണ്ടെങ്കിലും താൻ അതൊന്നും മുഖവിലയ്‌ക്ക് എടുക്കാറില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മറ്റുള്ളവർ നമ്മളെ പറ്റി എന്ത് ചിന്തിക്കുന്നു എന്നത് അപ്രസക്തമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
'സിദ്ദിഖ് അടക്കം പലരും കുറ്റപ്പെടുത്തി' ; ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി: സിനിമയിൽ നിന്ന് പലപ്പോഴും ഇടവേളകൾ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും അത്തരത്തിൽ സിനിമകളിൽ നിന്ന് മാറി നിൽക്കുന്നതിന് നടൻ സിദ്ദിഖ് അടക്കം തന്നെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ പ്രൊമോഷനിടെയാണ് താരത്തിന്‍റെ പ്രതികരണം.
സിനിമകൾ നഷ്‌ടപ്പെടുത്തിയത് ഒരിക്കലും മനപ്പൂർവം ആയിരുന്നില്ല. തെലുഗുവില്‍ നിന്നും തമിഴിൽ നിന്നും ഒക്കെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ എന്നെ തേടി എത്തിയിട്ടുണ്ട്. മലയാളവും ഇംഗ്ലീഷും സംസാരിക്കാൻ അറിയുന്നതുപോലെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അത്തരം ഓഫറുകൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി - ബിജു മേനോന്‍ ചിത്രം 'ഗരുഡന്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ അരുൺ വർമ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 3നാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനം തന്നെ മികച്ച പ്രതികരണമാണ് 'ഗരുഡ'ന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
READ MORE: 'സിദ്ദിഖ് അടക്കം പലരും കുറ്റപ്പെടുത്തി' ; ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി