തിരുവനന്തപുരം : ലുലു മാളിനെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ മാസ് എൻട്രി.റിലീസിനൊരുങ്ങുന്ന ചിത്രം പാപ്പന്‍റെ പ്രചരണാര്‍ഥമാണ് താരം ലുലു മാളിലെത്തിയത്. സുരേഷ് ഗോപിയെ കൂടാതെ സംവിധായകന്‍ ജോഷി, ഗോകുൽ സുരേഷ്, നന്ദുലാൽ, ടിനി ടോം, നീത പിള്ള, ഡയാന, സാധിക വേണുഗോപാൽ തുടങ്ങി വന്‍ താരനിരയുമുണ്ടായിരുന്നു. താരങ്ങളുടെ വരവ് ആരാധകർ ആഘോഷമാക്കി.
Suresh Gopi about film career : തന്നെ താനാക്കിയ, സിനിമ ജീവിതത്തിൽ പിന്തുണച്ച മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകർക്ക് സുരേഷ് ഗോപി നന്ദി പറഞ്ഞു. 'ആദ്യകാല സിനിമകളിൽ ശബ്‌ദം കൊള്ളില്ലെന്ന് പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്‌റ്റുകളെ ഉപയോഗിച്ച് തന്‍റെ കഥാപാത്രങ്ങൾക്ക് ശബ്‌ദം നൽകിയ അവസ്ഥയുണ്ടായിരുന്നു. എന്നാൽ തനിക്കൊരു അവസരം നല്‍കണമെന്ന് അപേക്ഷിച്ചതിന്‍റെ പേരില്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ആദ്യമായി ശബ്‌ദം നൽകി. ആ ശബ്‌ദം പ്രേക്ഷകർ അംഗീകരിച്ചു.
'പാപ്പൻ' എന്ന ചിത്രത്തിന്‍റെ ഡബ്ബിങ് കഴിഞ്ഞപ്പോൾ ജോഷി സാർ പറഞ്ഞ വാക്കുകൾ വലിയ അംഗീകാരമായി കാണുന്നു. 'ഇത്രയും കാലം ഡബ്ബ് ചെയ്‌തതില്‍ നിന്നും വളരെ വ്യത്യസ്‌തമായി നിന്‍റെ ശബ്‌ദം അഭിനയിച്ചിരിക്കുന്നു' -എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രമാണ്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ജോഷി-സുരേഷ് ഗോപി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെയും ക്യൂബ്‌സ് ഇന്‍റര്‍നാഷണൽ ഗ്രൂപ്പിന്‍റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ജേക്‌സ് ബിജോയ് ആണ് സംഗീതം.