ആന്ധ്രപ്രദേശ്: സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് മകള്‍ ഐശ്വര്യയ്‌ക്കൊപ്പം തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്ര വൈദികരുടെ നേതൃത്വത്തിൽ രജനികാന്തും മകളും വിവിധ ചടങ്ങുകൾ നിര്‍വഹിച്ചു. തുടർന്ന് ഇരുവരും രംഗനായകുല മണ്ഡപത്തിൽ വേദ ആശിര്‍വചനം അർപ്പിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ രജനികാന്തിനും മകള്‍ക്കും ഊഷ്‌മള സ്വീകരണമാണ് നല്‍കിയത്. ബുധനാഴ്‌ച (14.12.22) രാത്രി ക്ഷേത്ര നഗരിയിലെത്തിയ അച്ഛനും മകളും വ്യാഴാഴ്‌ച അതിരാവിലെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തുന്ന രജനികാന്തിന്‍റെയും ഐശ്വര്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അടുത്തിടെയായിരുന്നു താരത്തിന്‍റെ 72ാം ജന്മദിനം. ജന്മദിനം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രജനികാന്ത് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. താരം കടപ്പയിലെ പെദ്ദ ദർഗയും സന്ദർശിച്ചു. പെദ്ദ ദർഗ എന്നറിയപ്പെടുന്ന അമീൻ പീർ ദർഗയിൽ മകളോടൊപ്പം അദ്ദേഹം പ്രാർത്ഥന നടത്തി.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജെയിലര്‍' ആണ് രജനികാന്തിന്‍റേതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. മകള്‍ ഐശ്വര്യയുടെ വരാനിരിക്കുന്ന സിനിമ 'ലാല്‍ സലാമില്‍' താരം അതിഥി വേഷത്തിലും എത്തുന്നുണ്ട്.
Also Read: ജന്മദിനത്തില്‍ രജനിയുടെ ബാബ റീ മാസ്‌റ്റേര്‍ഡ് വേര്‍ഷന്‍; ട്രെയിലര്‍ പുറത്ത്