സെപ്റ്റംബർ 25... വെള്ളിയാഴ്‌ച.. സംഗീതം ഒരു യുഗമായി കാലയവനികയിലേക്ക് പറന്നകന്നു.. ഒരു യാത്രമൊഴി പോലും പറയാതെ.. 'തീരാനഷ്‌ടം..' എസ്‌പിബി നിശബ്‌ദമായിട്ട് മൂന്ന് വർഷങ്ങൾ. (SP Balasubrahmanyam Death Anniversary)
ഭാഷാന്തരമില്ലാതെ ആസ്വാദനലോകം അനുഭവിച്ചറിഞ്ഞ അര നൂറ്റാണ്ട്.. എസ് പി ബാലസുബ്രഹ്മണ്യം.. പ്രിയപ്പെട്ടവരുടെ ബാലു.. ഒരേസമയം ഗായകനായും സംഗീതസംവിധായകനായും അഭിനേതാവായും ഡബ്ബിങ് ആർട്ടിസ്റ്റായും വേഷപ്പകർച്ചകൾ നടത്തിയ സകലകലാവല്ലഭൻ. അരങ്ങിലെത്തിയപ്പോഴും പാട്ടിലെ വിജയപാത തന്നെ തുടർന്നു. സ്‌ക്രീനിൽ പുഞ്ചിരിപ്പിച്ചും കരയിപ്പിച്ചും ഫാസ്റ്റ് ചുവടുകളൊക്കെ അനായാസമാക്കിയും അമ്പരപ്പിച്ചു.
നമ്മുടെ ദുഃഖത്തിലും ആനന്ദത്തിലും പ്രണയത്തിലും വിരഹത്തിലുമൊക്കെ അലിഞ്ഞുചേർന്ന സ്വരം. കലാതീതമായ ഗാനങ്ങൾ.. ആ പാട്ടിന്‍റെ പുഴയിൽ നമ്മളും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബി ജനിച്ചത്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നു. 1969ൽ എംജിആർ നായകനായ തമിഴ് ചിത്രം 'അടിമൈപ്പെണ്‍' എന്ന ചിത്രത്തിലെ 'ആയിരം നിലാവേ വാ' എന്ന ഗാനമാണ് എസ്‌പിബിയുടെ തമിഴിലെ ആദ്യ ഹിറ്റ്.
എഞ്ചിനീയറിംഗ് വിദ്യാർഥിയിൽ നിന്ന് പിന്നണി ഗായകനിലേക്ക്: 'സിനിമ രംഗത്തേക്ക് കടക്കുക എന്നത് ഒരിക്കലും എന്‍റെ ആഗ്രഹമായിരുന്നില്ല. 250 രൂപ ശമ്പളം കിട്ടുന്ന ഗസറ്റഡ് റാങ്ക് എഞ്ചിനീയർ ആകണം' അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ എഞ്ചിനീയറിംഗ് (എഎംഐഇ) പഠിക്കുമ്പോൾ ഒരു സംഗീത മത്സരത്തിൽ പങ്കെടുത്തിരുന്നു. അന്ന് താൻ പാടുന്നത് കേട്ട പ്രശസ്‌ത പിന്നണി ഗായിക എസ് ജാനകിയാണ് സിനിമ മേഖലയിൽ ശോഭനമായ ഭാവി ഉണ്ടാകുമെന്ന് പറയുന്നത്. 1966-ൽ, ഗുരു എസ് പി കോദണ്ഡപാണിക്കൊപ്പം തെലുങ്ക്, കന്നഡ ഗാനങ്ങളിലൂടെ കരിയർ ആരംഭിച്ചു.
പിന്നീട് 'ഹോട്ടൽ രംഭ' എന്ന തമിഴ് ചിത്രത്തിൽ എൽ ആർ ഈശ്വരിക്കൊപ്പം ഒരു ഗാനം ആലപിച്ചെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം 'ശാന്തിനിലയം' എന്ന ചിത്രത്തില്‍ 'ഇയര്‍കൈ എന്നും ഇളയകന്നി...' എന്ന ഗാനം പാടി. എന്നാൽ, പടവും പാട്ടും ഹിറ്റായില്ല. പക്ഷേ, എസ്‌പിബിയുടെ ശബ്‌ദം കേള്‍ക്കേണ്ടയാള്‍ കേട്ടു. അന്ന് തമിഴ് സിനിമ ഭരിച്ചിരുന്ന എംജിആർ.. എസ്‌പിബിയുടെ ആ ശബ്‌ദം അദ്ദേഹത്തിന് വല്ലാതെ ഇഷ്‌ടമായി. തന്‍റെ വരാനിരിക്കുന്ന 'അടിമപ്പെണ്‍' എന്ന ചിത്രത്തിൽ എസ്‌പിബിയെ കൊണ്ട് പാടിക്കണമെന്ന തീരുമാനത്തിലെത്തി എംജിആര്‍. ഒടുവിൽ ബാലുവിനെക്കൊണ്ട് തന്നെ പാടിച്ചു.. 'ആയിരം നിലവേ വാ..' പാട്ട് വൻ ഹിറ്റ്. പിന്നീടങ്ങോട്ട് സ്വരചക്രവർത്തിയായുള്ള അദ്ദേഹത്തിന്‍റെ വളർച്ച സംഗീതലോകം കണ്ടു.
സംഗീതമെന്ന ഭാഷ.. അതിർത്തികളില്ലാത്ത സംഗീതത്തിന്‍റെ മറുപേരായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. പതിനാറ് ഭാഷകളിലായി 4000ത്തിലധികം ഗാനങ്ങൾ അദ്ദേഹം പാടി. യേശുദാസിന് ശേഷം ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഗായകൻ എന്ന ബഹുമതിയും എസ്‌പിബിയ്‌ക്ക് അവകാശപ്പെട്ടതാണ്.
ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയെന്ന റെക്കോർഡും അദ്ദേഹത്തിന് തന്നെ സ്വന്തം. കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിനായി 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങളാണ് അദ്ദേഹം പാടിയത്. തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ 16 ഗാനങ്ങളും. ശാസ്‌ത്രീയമായി സംഗീതം പഠിക്കാത്ത അദ്ദേഹം ശങ്കരാഭരണത്തിലെ പാട്ടുകൾ അനായാസം പാടിയത് കണ്ട് സംഗീതലോകം അമ്പരന്നുപോയി.
ആറ് ദേശീയ അവാർഡുകളും രാജ്യത്തിന്‍റെ പരമോന്നത ബഹുമതികളായ പത്മശ്രീയും പത്മഭൂഷണും അദ്ദേഹം സ്വന്തമാക്കി. ഇതൊന്നും കൂടാതെ, കോടാനുകോടി ജനമനസുകളിൽ ഇടംപിടിച്ച് അവരുടെ ഇഷ്‌ടഗായകനായി മാറി അദ്ദേഹം. തലമുറകൾ ഇന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ഏറ്റുപാടിക്കൊണ്ടേയിരിക്കുന്നു.
അഞ്ച് ദശാബ്‌ദക്കാലം ശ്രോതാക്കളെ കീഴ്‌പ്പെടുത്തിയ സംഗീത സപര്യ. സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ പെയ്‌തിറങ്ങുന്ന ആ സ്വരത്തിന് മരണമില്ല. അത് നമുക്ക് ശേഷവും ജീവിക്കും. 'വിണ്ണിലാകെ നിന്‍റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ..' (Tribute to SPB)