പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ സിനിമയാണ് ആദിപുരുഷ്. 2023ല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് ഇന്നലെ (ഒക്‌ടോബര്‍ 2)ആണ് ടീസര്‍ ലോഞ്ച് നടന്നത്.
എന്നാല്‍ ടീസര്‍ പുറത്തു വന്നതിന് പിന്നാലെ ചിത്രത്തെ കളിയാക്കികൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍. ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്‌ടുകള്‍ തീരെ നിലവാരം ഇല്ലാത്തവ ആണെന്നാണ് പ്രധാന വിമര്‍ശനം.
ഛോട്ടാഭീമിനെ തോല്‍പ്പിക്കും വിധമാണ് ആദിപുരുഷിലെ എഫക്‌ട് എന്നാണ് ട്രോളന്‍മാരുടെ പക്ഷം. 500 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത്ര പണം ചെലവഴിച്ചിട്ടും ഇത്രയും മോശം എഫക്‌ടാണോ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന ചോദ്യവും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. കൂടാതെ, 2000ലെ കാര്‍ട്ടൂണ്‍ ഓര്‍മകള്‍ 2022ലും കാണിച്ചു തന്ന സംവിധായകന് നന്ദി, കൊച്ചു ടിവിയില്‍ റിലീസ് ചെയ്‌താല്‍ നല്ല കലക്ഷന്‍ കിട്ടും എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും പരിഹാസങ്ങളും.
ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്‌ഫ് അലി ഖാനും അഭിനയിക്കുന്നു. തിന്മക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഹിന്ദി, തെലുഗു, തമിഴ്, കന്നട, മലയാളം തുടങ്ങിയ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 23ന് തിയറ്ററുകളില്‍ എത്തും.