ഹൈദരാബാദ്: ബോളിവുഡിൽ തകർപ്പൻ ഹിറ്റുകൾ സമ്മാനിച്ച രോഹിത് ഷെട്ടി ഇത്തവണ എത്തുന്നത് വെബ് സീരീസുമായി. രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ഇന്ത്യൻ പൊലീസ് ഫോഴ്‌സ് സീരീസിന്‍റെ ടീസർ പുറത്തുവന്നു. സിദ്ധാർത്ഥ് മൽഹോത്ര നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഒരു ആക്ഷൻ-പാക്ക്ഡ് ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ ശനിയാഴ്‌ച പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
ശിൽപ ഷെട്ടിയും വിവേക് ഒബ്‌റോയ്‌യുമാണ് സീരീസിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്‌പി കബീർ മാലിക് ഐപിഎസായി സിദ്ധാർത്ഥ് വേഷമിടുന്നത്. പൊലീസ് സ്വാറ്റ് (SWAT) ടീമിന്‍റെ തലവനാണ് കബീർ മാലിക്. ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതം സ്‌ക്രീനിലെത്തിച്ച 'ഷേർഷാ'യുടെ വിജയത്തിന് പിന്നാലെയാണ് യൂണിഫോമിലുള്ള മറ്റൊരു കഥാപാത്രത്തെ സിദ്ധാർത്ഥ് മൽഹോത്ര അവതരിപ്പിക്കുന്നത്.
ഒരു മിനിറ്റും പന്ത്രണ്ട് സെക്കൻഡും ദൈർഘ്യമുള്ള ഇന്ത്യൻ പോലീസ് ഫോഴ്‌സിന്‍റെ ടീസർ മികച്ച പ്രതികകരണമാണ് നേടുന്നത്. ഒരു സീരിയൽ ബോംബ് ആക്രമണത്തിന്‍റെ ദൃശ്യങ്ങളിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. തുടക്കം മുതൽ കാഴ്‌ചക്കാരെ ആകർഷിക്കുന്ന ടീസറിൽ സിദ്ധാർത്ഥ് മൽഹോത്രയുടെ സ്ലോ മോഷനിലുള്ള പ്രവേശനവും കയ്യടി നേടുന്നു. വിവേക് ഒബ്‌റോയിയുടെയും ശിൽപ ഷെട്ടിയുടെയും സാന്നിധ്യവും ശ്രദ്ധേയമാണ്.
മുന്നിലുള്ള വെല്ലുവിളികളോടുള്ള നിർഭയമായ ഇവരുടെ സമീപനമാണ് ടീസറിൽ ഹൈലൈറ്റാവുന്നത്. ദേശസ്‌നേഹം അടിവരയിടുന്ന പശ്ചാത്തല സംഗീതവും ടീസറിന് കൂടുതൽ മികവ് നൽകുന്നുണ്ട്. ഇന്ത്യൻ പൊലീസ് ഓഫിസർമാരുടെ അചഞ്ചലമായ അർപ്പണബോധം, നിസ്വാർഥമായ പ്രതിബദ്ധത, തീവ്രമായ രാജ്യസ്‌നേഹം എന്നിവയ്‌ക്കുള്ള ആദരസൂചകമായാണ് ഇന്ത്യൻ പൊലീസ് ഫോഴ്‌സ് സീരീസ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്‌ക്കായി ഇവർ നടത്തുന്ന ത്യാഗങ്ങളും ഈ സീരീസ് ഉയർത്തിക്കാട്ടുന്നുണ്ടെന്നാണ് വിവരം. ഏഴ് ആക്ഷൻ എപ്പിസോഡുകൾ അടങ്ങുന്ന സീരീസ് 2024 ജനുവരി 19 മുതൽ ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ് ആരംഭിക്കും. രോഹിത് ഷെട്ടിയും സുശ്വന്ത് പ്രകാശും ചേർന്നൊരുക്കുന്ന സീരീസിന്‍റെ ചിത്രീകരണം മുംബൈ, മഹാരാഷ്‌ട്ര, ഗോവ, ഗ്രേറ്റർ നോയിഡ, റാമോജി ഫിലിം സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും നടന്നത്. അടുത്ത വർഷം ജനുവരിയിൽ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
അടുത്തിടെ 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സംവിധായകൻ രോഹിത് ഷെട്ടിക്ക് പരിക്കേറ്റത് വാർത്തയായിരുന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് അപകടം നടന്നത്. പിന്നാലെ പരിക്ക് സാരമുള്ളതല്ലെന്നും രണ്ട് വിരലുകളിൽ ചെറിയ തുന്നിക്കെട്ടലുകൾ മാത്രമാണുള്ളതെന്നും സംവിധായകൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ALSO READ: വെബ് സീരീസ് ചിത്രീകരണത്തിനിടെ അപകടം ; സംവിധായകൻ രോഹിത് ഷെട്ടിക്ക് പരിക്ക്