എറണാകുളം: നടൻ ഷെയ്‌ൻ നിഗത്തിന് ചലച്ചിത്ര സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ നടന്‍റെ കത്തും നിർമാതാവിന്‍റെ പരാതിയും പുറത്ത്. നടൻ ഷെയ്‌ൻ നിഗം നിർമാതാവ് സോഫിയ പോളിനാണ് കത്തയച്ചത്. നായക കഥാപാത്രം എന്ന നിലയില്‍ തന്‍റെ കഥാപാത്രത്തിന്‍റെ പ്രാധാന്യം സിനിമയിൽ ഉറപ്പാക്കണമെന്നായിരുന്നു കത്തിൽ നടൻ ആവശ്യപ്പെട്ടത്.
ഷെയ്‌ന്‍ അയച്ച കത്ത്: 'സിനിമയുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുമ്പോൾ ഒരു പ്രധാന നടനായി തെരഞ്ഞെടുത്തതായി എന്നെ അറിയിച്ചിരുന്നു. റോബർട്ട് എന്ന കഥാപാത്രത്തിന്‍റെ പ്രധാന വേഷം ചെയ്യാൻ ഞാൻ കരാറിൽ ഏർപ്പെട്ടിരുന്നു. പ്രാരംഭ ചർച്ചകളിൽ, റോബർട്ട് എന്ന കഥാപാത്രത്തെ രണ്ട് സഹനടൻമാർക്ക് ഒപ്പം ഒരു പ്രധാന കഥാപാത്രമായി പ്രൊജക്‌ട് ചെയ്‌തിരുന്നതായും എനിക്ക് മനസിലായി. എന്നാൻ സിനിമയുടെ ചിത്രീകരണ വേളയിൽ മറ്റ് പല സംഭവങ്ങളും ചേർന്ന്, ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് ഒരു പ്രധാന കഥാപാത്രം ആവശ്യപ്പെടുന്ന പ്രാധാന്യം നൽകുന്നില്ല എന്ന തീവ്രമായ ആശങ്ക എന്‍റ മനസിൽ സൃഷ്‌ടിച്ചു.
മേൽപ്പറഞ്ഞ ആശങ്കകളിൽ ഒരു വിശദീകരണം തേടാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇത് എന്‍റെ വ്യക്തിജീവിതത്തിലും തൊഴിൽപരമായ ജീവിതത്തിലും എന്നെ ബാധിച്ചേക്കാം. സിനിമയുടെ പുരോഗതിയെക്കുറിച്ചും പൂർത്തിയാക്കാൻ ആവശ്യമായ കൂടുതൽ സമയത്തെക്കുറിച്ചും ദയവായി എന്നെ അറിയിക്കുക. സിനിമയിൽ ഞാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റോബർട്ട് എന്ന കഥാപാത്രമാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം എന്നും നിങ്ങൾ എനിക്ക് വാഗ്‌ദാനം ചെയ്‌തതുപോലെ, സിനിമയുടെ മാർക്കറ്റിങ്, പ്രൊമോഷൻ, ബ്രാൻഡിങ് തുടങ്ങിയ ഘട്ടങ്ങളിൽ എന്‍റെ റോളിന് പ്രാഥമിക പ്രാധാന്യം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തിറക്കുമ്പോൾ റോബർട്ട് എന്ന ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രഥമ പ്രാധാന്യവും ഞാൻ വഹിച്ച കഥാപാത്രം നായകനായി പ്രതിഫലിക്കുന്ന തരത്തിൽ പ്രേക്ഷകർക്ക് മനസിലാകണം. സിനിമയുടെ ഫൈനൽ കട്ടിലും എന്‍റെ കഥാപാത്രത്തിന് നൽകിയ പ്രാധാന്യം നിലനിർത്തണം. പെട്ടെന്നുള്ളതും അനുകൂലവുമായ മറുപടി പ്രതീക്ഷിക്കുന്നു' -എന്നായിരുന്നും ഷെയ്‌ൻ നിഗം കത്തിൽ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളും ഷെയ്‌ൻ നിഗം തന്‍റെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൃഷ്ട്ടിച്ച പ്രയാസങ്ങളും ചൂണ്ടികാണിച്ചായിരുന്നു നിർമാതാവ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നൽകിയത്.
സോഫിയ പോളിന്‍റെ പരാതി: 'എന്‍റെ ആർഡിഎക്‌സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഈ അവസരത്തിൽ സിനിമയിലെ പ്രധാന വേഷം ചെയ്യുന്ന ആക്‌ടർ ഷെയ്‌ൻ നിഗത്തിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മയുടെയും ഭാഗത്തുനിന്ന് ഷൂട്ടിങ് ദിനങ്ങളിൽ എനിക്കും എന്‍റെ പ്രൊഡക്ഷൻ ടീമിനും നേരെ ഉണ്ടായ ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റങ്ങളുടെ ഒരു പൂർണ രൂപം അസോസിയേഷന്‍റെ ശ്രദ്ധയിൽ പെടുത്തുകയാണ്.
സിനിമ ചിത്രീകരണ വേളയിൽ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഷെയ്‌ൻ നിഗത്തിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മയുടെയും ഭാഗത്തുനിന്നുണ്ടായത്. വലിയ ദിവസച്ചെലവ് വരുന്ന ഏഴു ദിവസത്തെ കാർണിവലും ഫൈറ്റും ചിത്രീകരിക്കുന്നതിനിടയിൽ ആണ് ഷെയ്‌ൻ നിഗം പ്രശ്‌നവുമായി എത്തുന്നത്. ഷൂട്ട് ചെയ്‌ത മെറ്റീരിയൽ മുഴുവൻ അദ്ദേഹവും അമ്മയും കണ്ട ശേഷം അദ്ദേഹത്തിന്‍റെ സിനിമയിൽ ഉള്ള പ്രധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിങ്ങിൽ പങ്കെടുക്കുകയുള്ളു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
സിനിമയിലെ പ്രധാന നടൻ എന്ന നിലയിൽ അദ്ദേഹത്തെ സിനിമ കാണിക്കാം. പക്ഷേ കൂടെ ഉള്ളവരെ കാണിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട് എന്ന നിലപാട് ഞാൻ എടുത്തു. കുറെ സമയത്തെ ചർച്ചകൾ കഴിഞ്ഞ് അത് ഭാഗികമായി മാത്രം അംഗീകരിച്ച ഷെയ്‌ൻ നിഗം, പക്ഷേ പുതിയ ഡിമാന്‍റുകളുമായി എന്‍റെ പ്രൊഡക്ഷൻ കമ്പനിയിലേക്ക് ഒരു മെയിൽ അയക്കുകയും അതിനു മറുപടി ഡയറക്‌ടർ ഒപ്പിട്ടു കൊടുത്ത ശേഷം മാത്രം സിനിമയിൽ തുടരാം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്‌തു.
സിനിമ കഴിഞ്ഞുള്ള പ്രൊമോഷനിലും മറ്റും പൂർണമായും ഇടപെടാൻ അദ്ദേഹത്തിന് അവകാശമുള്ളതായും അദ്ദേഹത്തിന്‍റെ അംഗീകാരമില്ലാതെ പോസ്റ്ററുകൾ പുറത്തിറക്കരുതെന്നും ഒക്കെയായിരുന്നു ആ കത്തിന്‍റെ പൊരുൾ. എന്നാൽ അത് എന്‍റെ ചിത്രത്തിന്‍റെ മാർക്കറ്റിങ് സാധ്യതകളെ വിപരീതമായി ബാധിക്കുമെന്ന് മനസിലാക്കിയ ഞാൻ അസോസിയേഷനുമായി ബന്ധപ്പെടുകയും തുടർന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ സെറ്റിൽ എത്തുകയും ഷെയ്‌ൻ നിഗവുമായി ചർച്ച നടത്തുകയും ചെയ്‌ത ശേഷമാണ് എനിക്ക് ഷൂട്ടിങ് തടസമില്ലാതെ പോകുമെന്ന് ഉറപ്പിക്കാനായത്. ഡബ്ബിങ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് അദ്ദേഹത്തിന്‍റെ സഹകരണം ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത ഒരു സാഹചര്യമാണ് എനിക്ക് ഇപ്പോഴുള്ളത്.
ഷൂട്ടിങ് പാക്കപ്പ് ആകുന്നതിന്‍റെ തലേന്നും (ഏപ്രിൽ 12) വലിയൊരു നഷ്‌ടം ഞാൻ അനുഭവിക്കുകയാണ്. കാലത്ത് ഒരു ചാമ്പ്യൻഷിപ്പ് ഷൂട്ട് ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു ക്രൂവും ജൂനിയർ ആർട്ടിസ്റ്റുകളും മുഴുവൻ കാത്തു നിൽക്കുമ്പോഴും ഷെയ്‌ൻ അടക്കമുള്ള പ്രധാന ആർടിസ്റ്റുകൾ പറഞ്ഞ സമയവും മണിക്കൂറുകളും കഴിഞ്ഞ് എത്തിച്ചേരാത്തതുകൊണ്ട് ആ ലൊക്കേഷൻ പൂർണമായും കാൻസൽ ചെയ്‌തുകൊണ്ട് ഷെഡ്യൂൾ അനുസരിച്ച് ഉച്ചക്കുള്ള ലൊക്കേഷനിലേക്ക് മാറാൻ ഞങ്ങൾ നിർബന്ധിതരായി. പല ദിവസങ്ങളിലും ലൊക്കേഷനിൽ എത്താൻ എന്‍റെ സംവിധായകനും ടീമും കൊടുക്കുന്ന സമയം പാലിക്കാൻ തയ്യാറാല്ലാത്ത ഷെയ്‌ൻ നിഗത്തിന്‍റെ നിഷേധ നിലപാടുകൾ മൂലവും അദ്ദേഹത്തിന്‍റെ കടുംപിടുത്തങ്ങളും നിസഹകരണങ്ങളും മൂലവും ഒട്ടേറെ അനാവശ്യ ബ്രേക്കുകൾ ആണ് എന്‍റെ സിനിമയ്ക്ക് ഉണ്ടായത്. ഇതിലൂടെ എനിക്കും എന്‍റെ പ്രൊഡക്ഷൻ ഹൌസിനും എത്ര വലിയ നാണക്കേടും സാമ്പത്തിക നഷ്‌ടവും ആണ് ഉണ്ടാക്കിവച്ചിരിക്കുന്നത് എന്ന് അസോസിയേഷന് മനസിലാകുമല്ലോ' -സോഫിയ പോള്‍ നല്‍കിയ കത്തില്‍ പറയുന്നു.
ഷെയ്‌ൻ നിഗം നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന് മുൻ ചിത്രങ്ങളിൽ ലഭിച്ച ആകെ മാർക്കറ്റ് വാല്യുവിനെക്കാൾ എത്രയോ ഇരട്ടിയാണ് പ്രതിഫലം നൽകിയതെന്നും നിർമാതാവ് അസോസിയേഷന് നൽകിയ കത്തിൽ വ്യക്തമാക്കി. ഇതേ തുടർന്നായിരുന്നു ചൊവ്വാഴ്‌ച കൊച്ചിയിൽ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, താരസംഘടനയായ അമ്മ എന്നിവയുടെ സംയുക്ത യോഗത്തില്‍ ഷെയ്‌ൻ നിഗത്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്. ഈ സംഘടനകളുടെ മാതൃ സംഘടന കൂടിയായ ഫിലിം ചേംബർ കൂടി ഈ തീരുമാനത്തെ പിന്തുണക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.