രാജ്കുമാർ ഹിറാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രം ഡങ്കിയ്‌ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപനം മുതൽ ചിത്രത്തിന്‍റെ ഓരോ അപ്‌ഡേഷനുകളും ആഘോഷമാക്കിയ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. 'ഡങ്കി ഡ്രോപ് 4' (Dunki Drop 4) എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ ഡ്രോപ് 1 എന്ന പേരിൽ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഡ്രോപ് 2 ആയി എത്തിയ ആദ്യ ഗാനവും ഡ്രോപ് 3 ആയി വന്ന രണ്ടാമത്തെ ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ട്രെയിലറും പ്രേക്ഷകർക്കിടയിൽ തരംഗമാവുകയാണ്. രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു (Dunki Movie Trailer).
ഹൃദയസ്‌പർശിയായ ഒരു ചിത്രമാകും 'ഡങ്കി' എന്ന് ഇതുവരെയുള്ള പോസ്റ്ററുകളിൽ നിന്നും പാട്ടുകളിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഇക്കാര്യം ഉറപ്പിക്കുകയാണ്. ചിത്രത്തിന്‍റെ കഥാതന്തുവിനെ കുറിച്ചുള്ള സൂചനകളും നൽകുന്നതാണ് ട്രെയിലർ.
നർമത്തിന്‍റെ മേമ്പൊടിക്കൊപ്പം ഹൃദയം തൊടുന്ന മനോഹര ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രാജ്‌കുമാർ ഹിരാനി. ഇത്തവണയും അദ്ദേഹം പതിവ് തെറ്റിക്കില്ലെന്നാണ് ആരാധകരുടെ വിശ്വാസം. രാജ്‌കുമാർ ഹിരാനിക്കൊപ്പം കിംഗ് ഖാൻ ഷാരൂഖ് ഖാനും ചേരുമ്പോൾ 'ഡങ്കി' ബോക്‌സോഫിസിലും തരംഗം സൃഷ്‌ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
താപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബോമൻ ഇറാനി എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നാല് സുഹൃത്തുക്കളുടെ ഹൃദയ സ്‌പർശിയായ കഥയാകും 'ഡങ്കി' പറയുക. വിദേശത്ത് എത്താനുള്ള ഈ സുഹൃത്തുക്കളുടെ അന്വേഷണമാണ് 'ഡങ്കി'യിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം വരച്ചുകാട്ടുന്നത് എന്നാണ് വിവരം. പിൻവാതിലൂടെ അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേയ്‌ക്ക് പ്രവേശിക്കുന്നതിനുള്ള, നിയമ വിരുദ്ധമായ രീതിയായ 'ഡങ്കി ഫ്ലൈറ്റ്' ആണ് ചിത്രം പ്രമേയമാക്കുന്നത് എന്നാണ് സൂചന. ട്രെയിലറും ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങാനും അപകടകരവും നിയമ വിരുദ്ധവുമായ 'ഡങ്കി ഫ്ലൈറ്റ്' പാത തെരഞ്ഞെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പോരാട്ടങ്ങളിലേക്കും, അവരുടെ ജീവിതത്തിലേയ്‌ക്കും 'ഡങ്കി' വെളിച്ചം വീശുമെന്നാണ് കരുതുന്നത്.
ഹാർഡിയായി കിംഗ് ഖാൻ എത്തുമ്പോൾ മന്നു എന്ന കഥാപാത്രത്തെയാണ് താപ്‌സി അവതരിപ്പിക്കുക. ഇവരുടെ മറ്റ് സുഹൃത്തുക്കളായി വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും എത്തുന്നു. റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റും രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമിക്കുന്നത്. ഡിസംബർ 22ന് ക്രിസ്‌മസ് റിലീസായി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡങ്കി എത്തും.
അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ഡങ്കിയുടെ രചന നിർവഹിച്ചിരിക്കുന്നത്. പ്രീതം ആണ് സംഗീത സംവിധാനം. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'ലുട് പുട് ഗയ' എന്നു തുടങ്ങുന്ന റൊമാന്‍റിക് ഗാനം മികച്ച പ്രതികരണം നേടിയിരുന്നു.