സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് പരിക്കേറ്റതായി റിപ്പോർട്ട്. ഒരു അജ്ഞാത പ്രോജക്റ്റിന്‍റെ ചിത്രീകരണത്തിനിടെ ലോസ് ഏഞ്ചൽസിൽ വച്ചാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഷാരൂഖ് ഖാനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മൂക്കിന് മുറിവേറ്റതിനെത്തുടർന്ന് നടന് അമിതമായി രക്തസ്രാവമുണ്ടായി എന്നും ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് വാർത്തകൾ. അപകടത്തെക്കുറിച്ചോ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ചോ ഔദ്യോഗിക റിപ്പോർട്ടുകൾ ടീം പുറത്തുവിട്ടിട്ടില്ല.
താരം മുംബൈയിൽ തിരിച്ചെത്തിയെന്നും വീട്ടിൽ സുഖം പ്രാപിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായി യുഎസിലാണ് താരമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
ജവാൻ ട്രെയിലർ ലോഞ്ചിനായി ആരാധകരുടെ കാത്തിരിപ്പ് : അതേസമയം, ജവാൻ (Jawan) ട്രെയിലർ ലോഞ്ചിനായി ഒരുപോലെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകവും കിങ് ഖാന്‍റെ ആരാധകരും. ട്രെയിലർ ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അറ്റ്ലി (atlee) സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രം സെപ്‌റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തും. ഈ വർഷം ജൂൺ രണ്ടിന് ജവാൻ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി സെപ്റ്റംബർ ഏഴിലേക്ക് നീട്ടുകയായിരുന്നു. നയൻതാരയാണ് (Nayanthara) ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് സേതുപതി (Vijay sethupathi) ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തും.
ജവാൻ ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ തങ്ങളുടെ പ്രിയതാരത്തിന്‍റെ മുഖം കാണാനാകുന്നില്ലെന്ന പരാതിയുമായി ആരാധകരും പിന്നാലെയെത്തിയിരുന്നു. തുടർന്ന് ആരാധകരുടെ പരാതി തീർക്കാൻ കിങ് ഖാൻ തന്നെ രംഗത്തെത്തുകയും തന്‍റെ ഒരു മോണോക്രോം ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തു.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ അലസമായ തലമുടിയുമായി ചുമരിനടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 'എല്ലാവർക്കും നന്ദി, ചിലർ പറഞ്ഞു പോസ്റ്ററിൽ തന്‍റെ മുഖം വ്യക്തമല്ലെന്ന്. അതുകൊണ്ട് എന്‍റെ മുഖം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്. സെപ്റ്റംബർ ഏഴിന് തിയേറ്ററിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു', എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
തപ്‌സി പന്നു (taapsee pannu), രാജ്‌കുമാര്‍ ഹിറാനി (Rajkumar Hirani), വിക്കി കൗശല്‍ (Vicky Kaushal) എന്നിവര്‍ക്കൊപ്പമുള്ള ഡുങ്കിയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. കോമഡി ചിത്രമായ ഡുങ്കിയിൽ കേന്ദ്ര കഥാപാത്രത്തെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിക്കുക. യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായ സൽമാൻ ഖാൻ ചിത്രം 'ടൈഗർ 3'-യിൽ 'പഠാൻ' ആയി ഷാരൂഖ് തിരിച്ചെത്തുമെന്നും വാർത്തകൾ വന്നിരുന്നു.
കാത്തിരിപ്പിൽ ആരാധകർ : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ ട്രെയിലർ ലോഞ്ചിനിടെ ഇത്തരമൊരു വാർത്ത കേട്ടതിന്‍റെ നിരാശയിലാണ് താരത്തിന്‍റെ ആരാധകർ. ആരാധക ബലത്തിൽ മറ്റ് ബോളിവുഡ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ഷാരൂഖ് ഖാൻ. തന്‍റെ ആരാധകരെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാറുള്ളതുകൊണ്ടുതന്നെ താരം ഏറെ ജനപ്രിയനാണ്.
ഇത് ഊട്ടിയുറപ്പിക്കുന്ന ഒരു വാർത്തയും കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. വർഷങ്ങളായി കാൻസർ രോഗത്തോട് പോരാടുന്ന തന്‍റെ ആരാധികയുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി താരം ഏവരുടെയും കണ്ണ് നനയിച്ചു. മരിക്കുന്നതിന് മുൻപ് തന്‍റെ ഇഷ്‌ടതാരമായ ഷാരൂഖ് ഖാനെ കാണണം എന്നായിരുന്നു കൊൽക്കത്ത സ്വദേശി ശിവാനി ചക്രവർത്തിയുടെ ആഗ്രഹം.
അമ്മയുടെ ആഗ്രഹം മകളായ പ്രിയ ചക്രവർത്തി വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷാരൂഖിനെയും ടീമിനെയും ടാഗും ചെയ്‌തു. പിന്നാലെ ഷാരൂഖ് ഖാൻ അമ്മയേയും മകളെയും ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.