ഫാന്‍റസിയും സാഹസികതയും ചേർത്ത് ഇന്‍റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ ചിത്രം വരുന്നു. 'എലൂബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജിം ആണ് സംവിധാനം ചെയ്യുന്നത് (Sci-Fi Film Eloob). മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
സിനിമയുടെ ചിത്രീകരണം അടുത്ത വർഷം (2024) ജനുവരിയിൽ ആരംഭിക്കും (Sci-fi film Eloob Filming starts in January). ഊട്ടി, ഓഷ്യ, ഡൽഹി എന്നിവിടങ്ങളാകും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. 2024 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം (Eloob Release).
വിനോദവും ഫാന്‍റസിയും സാഹസികതയും നിറഞ്ഞ കഥയുമായാണ് ചിത്രം പ്രേക്ഷകർക്കരികിലേക്ക് എത്തിക്കുന്നത്. അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകനാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് എലൂബ്.
സംവിധായകൻ ജിം ആണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. മാജിത് യോർദനും ലുഖ്‌മാനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
ലോക പ്രശസ്‌ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത് എന്നതും എലൂബിന്‍റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ്. 'മൈ ഹീറോ അക്കാദമിയ' (My Hero Academia), 'പോക്കിമൊൻ (Pokemon)', 'വൺ പീസ് ഫിലിം: ഗോൾഡ്' (One Piece Film: Gold) എന്നീ ആനിമേഷൻ ചിത്രങ്ങൾക്ക് സംഗീതം പകർന്ന യൂകി ഹയാഷി ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്‌ക്ക് ഈണമിടുന്നത്.
ഏതായാലും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവമായിരിക്കും 'എലൂബ്' സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അനു മൂത്തേടത്ത് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'അതിരൻ', 'സൂഫിയും സുജാതയും', 'ടീച്ചർ' എന്നീ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച അനു മൂത്തേടത്ത് പുതിയ ചിത്രത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നുറപ്പ്.
'ഫിലിപ്‌സ് ആൻഡ് ദി മങ്കിപെൻ', 'കമ്മാര സംഭവം', 'ഹോം', 'വിലായത്ത് ബുദ്ധ' എന്നീ സിനിമകൾ ചെയ്‌ത ബഗ്ലാൻ ആണ് ഈ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. ലൈൻ പ്രൊഡ്യൂസർ - ഷാജി കാവനാട്ട്, മേക്കപ്പ് - റോഷൻ രാജഗോപാൽ, കോസ്റ്റ്യൂം - അഫ്‌സൽ മുഹമ്മദ് സാലി, കളറിങ് - റെഡ് ചില്ലീസ് കളർ, എക്യുപ്മെന്‍റ് എൻജിനിയർ - ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സുധർമ്മൻ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.