ദുല്‍ഖര്‍ സല്‍മാൻ (Dulquer Salmaan) പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് (Netflix) സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs). വെള്ളിയാഴ്‌ചയാണ് നെറ്റ്‌ഫ്ലിക്‌സില്‍ പരമ്പര റിലീസ് ചെയ്‌തത്. ഇപ്പോഴിതാ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. "അസാധാരണമായ വർക്ക്" എന്നാണ് താരം 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നെ വിശേഷിപ്പിച്ചത് (Samantha on Guns and Gulaabs).
1990 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ത്രില്ലര്‍ സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്'. പ്രശസ്‌ത സംവിധായകരായ, രാജ് ആൻഡ് ഡികെ (Raj and DK) എന്നറിയപ്പെടുന്ന രാജ് നിദിമോരുവും (Raj Nidimoru) കൃഷ്‌ണ ഡികെയും (Krishna DK) ചേർന്നാണ് സീരീസിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നേരത്തെ 'ദി ഫാമിലി മാൻ സീസൺ 2' (Family Man Season 2) എന്ന പരമ്പരയിൽ രാജിനും ഡികെയ്‌ക്കും ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് സാമന്ത. പ്രിയ സുഹൃത്തുക്കൾ കൂടിയായ സംവിധായകരെയും ടാഗ് ചെയ്‌തുകൊണ്ടാണ്, ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ സാമന്ത 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ന് അഭിനന്ദനങ്ങൾ അറിയിച്ചത്.
'ഇതിലും മികച്ചത് ലഭിക്കാനില്ല. ഏറ്റവും അസാധാരണമായ വർക്ക് സ്ഥിരമായി നൽകുന്നവർ'- രാജിനെയും ഡികെയെയും ടാഗ് ചെയ്‌തുകൊണ്ട് സാമന്ത കുറിച്ചു. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സീരീസിന്‍റെ ഒരു സ്‌ക്രീൻഗ്രാബും പങ്കുവച്ചിട്ടുണ്ട് സാമന്ത. ദുൽഖർ സൽമാന് പുറമെ രാജ്‌കുമാർ റാവു (Rajkummar Rao), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ആദർശ് ഗൗരവ് (Adarsh Gourav) തുടങ്ങി വന്‍ താരനിരയും ഈ സീരീസില്‍ ഒന്നിക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ ദുൽഖറിന്‍റെ ഒടിടി അരങ്ങേറ്റം കൂടിയാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്'. കൂടാതെ കാരവൻ, സോയ ഫാക്‌ടർ, ചുപ് എന്നിവയ്ക്ക് ശേഷമുള്ള ദുൽഖറിന്‍റെ നാലാമത്തെ പ്രധാന ഹിന്ദി പ്രൊജക്‌ട് കൂടിയാണ് ഇത്.
അതേസമയം 'സിറ്റാഡലി'ന്‍റെ ഇന്ത്യൻ പതിപ്പിലും (Indian version of Citadel) രാജ്, ഡികെ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട് സാമന്ത. പരമ്പരയിൽ വരുൺ ധവാനൊപ്പമാണ് (Varun Dhawan) സാമന്ത സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടുക. ഈ പ്രൊജക്‌ടിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ വേളയില്‍ സാമന്ത സംവിധായകർക്കായി കുറിച്ച ഹൃദയസ്‌പർശിയായ കുറിപ്പും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
'സിറ്റാഡൽ ഇന്ത്യ പൂർത്തിയായി. എന്താണ് ഇനി വരാൻ പോകുന്നതെന്ന് അറിയുമ്പോൾ ഒരു ഇടവേള മോശമായ കാര്യമായി തോന്നുകയില്ല. രാജു, ഡികെ, ഒരിക്കലും എന്നെ കൈവിടാതെ എല്ലാ യുദ്ധങ്ങളിലും പോരാടാൻ സഹായിച്ചതിന് നന്ദി. ലോകത്തെ മറ്റെന്തിനേക്കാളും നിങ്ങളെ അഭിമാനിതരാക്കാൻ ഞാൻ ആഗ്രഹിക്കുന്നു...ഒരു ലൈഫ്ടൈം റോളിന് നന്ദി.. അതായത് നിങ്ങൾ എനിക്കായി അടുത്ത ഒന്ന് എഴുതുന്നത് വരെ...'സാമന്ത കുറിച്ചു.
ഈ വർഷം ആദ്യം ലണ്ടനിൽ നടന്ന 'സിറ്റാഡലി'ന്‍റെ (പ്രിയങ്ക ചോപ്രയുടെയും റിച്ചാർഡ് മാഡന്‍റെയും പതിപ്പ്) ഗ്ലോബൽ പ്രീമിയറിൽ സാമന്ത പങ്കെടുത്തിരുന്നു. വരുൺ ധവാനൊപ്പമാണ് ഗ്ലോബൽ പ്രീമിയറിൽ സാമന്ത പങ്കെടുത്തത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള (Vijay Deverakonda) 'കുഷി' (Kushi) ആണ് താരത്തിന്‍റെ റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം.