മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഹോദരങ്ങളുടെ മക്കളുടെ കൂടെ സമയം ചെലവഴിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന ഷോയിലൂടെ, തന്‍റെ അച്ഛനാകാനുള്ള ആഗ്രഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സൽമാൻ ഖാൻ.
വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. 'ഒരു കുട്ടി വേണമെന്നുണ്ടായിരുന്നു, അല്ലാതെ മരുമകളെ (സഹോദരന്‍റെ മകൾ) മാത്രമല്ല ഞാൻ ആഗ്രഹിച്ചത്. നിയമപരമായ ചില പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് അതിന് ഇപ്പോള്‍ സാധ്യമല്ല. എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം' - സൽമാൻ പറഞ്ഞു. രാജ്യത്തെ ദത്ത് നിയമങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു താരത്തിന്‍റെ പ്രതികരണം.
സൽമാൻ തന്‍റെ അനന്തരവൻ അഹിൽ ശർമയുടെ കൂടെ സമയം ചെലവഴിക്കുന്നത് എല്ലാവർക്കും സുപരിചിതമാണ്. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് സല്‍മാന്‍ ഖാന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'കുട്ടികളെ എനിക്കും ഒരുപാട് ഇഷ്‌ടമാണ്. പക്ഷേ നിയമങ്ങളില്‍ ചില വ്യവസ്ഥകളുണ്ടല്ലോ. എന്ത് ചെയ്യാനാകുമെന്ന് നോക്കാം' - സൽമാൻ കൂട്ടിച്ചേർത്തു.
വൈ പ്ലസ് കാറ്റഗറി സുരക്ഷയുമായി മുംബൈ പൊലീസ് : വധഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സൽമാൻ പ്രതികരിച്ചിരുന്നു. 'സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനേക്കാൾ നല്ലതെന്നും പൂർണ സംരക്ഷണയിലാണ് താൻ എല്ലായിടത്തും പോകുന്നതും താരം വ്യക്തമാക്കി. വധഭീഷണി നിലനിൽക്കുന്നതിനാൽ താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.
'ഇപ്പോൾ സൈക്കിളിൽ യാത്ര ചെയ്യാനോ ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ സാധിക്കില്ല. കൂടാതെ ഞാൻ യാത്ര ചെയ്യുമ്പോള്‍ കൂടുതൽ സുരക്ഷയുണ്ടാകും. ഇത് മറ്റ് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു'. തനിക്ക് ഭീഷണിയുള്ളതിനാലാണ് ഇത് ആവശ്യമായി വരുന്നതെന്നും സൽമാൻ വ്യക്തമാക്കി.
'ചുറ്റിലും തോക്കുധാരികൾ, ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു' : പൂർണ സുരക്ഷയോടെയാണ് ഞാൻ എല്ലായിടത്തും പോകുന്നത്. എന്ത് ചെയ്‌താലും സംഭവിക്കാൻ പോകുന്നതെല്ലാം സംഭവിക്കുമെന്ന് എനിക്കറിയാം. സുരക്ഷ ഇല്ലാതെ ഞാൻ യാത്ര ചെയ്യുമെന്നല്ല ഇത് അർഥമാക്കുന്നത്. ഇപ്പോൾ എനിക്ക് ചുറ്റും തോക്കുധാരികളായ നിരവധി അംഗരക്ഷകരുണ്ട്' - സൽമാൻ പറഞ്ഞു.
ദിനംപ്രതി വധഭീഷണികൾ : ദിവസങ്ങൾക്ക് മുമ്പ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് സൽമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ താൻ ഒരു ഗോ രക്ഷകനാണെന്ന് പറഞ്ഞിരുന്നു. ഏപ്രിൽ 30ന് സൽമാൻ ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി.
'കിസി കാ ഭായ് കിസി കി ജാന്‍' ആണ് സല്‍മാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്‌ത സിനിമയിൽ ഷെഹ്‌നാസ് ഗില്‍, പാലക് തിവാരി, സിദ്ധാഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരും അണിനിരക്കുന്നുണ്ട്. സിനിമ നിരൂപകരിൽ നിന്ന് അത്ര മികച്ച പ്രതികരണം ലഭിച്ചില്ലെങ്കിലും ചിത്രം ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് പ്രദർശനം തുടരുകയാണ്. ആക്ഷൻ ത്രില്ലർ ചിത്രമായ ടൈഗർ 3 യാണ് സൽമാൻ ഖാന്‍റെ പുതിയ ചിത്രം. കത്രീന കൈഫാണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രം ഈ ദീപാവലിക്ക് തിയേറ്ററുകളിൽ എത്തിക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.