ലഖ്‌നൗ : സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ബോബി കതാരിയയ്‌ക്ക് ശേഷം പുലിവാല് പിടിച്ച് സല്‍മാന്‍ ഖാന്‍റെ അപരന്‍ അസം അന്‍സാരി. ലഖ്‌നൗവിലെ ഗോമതി നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിനാണ് അന്‍സാരിക്ക് എതിരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കേസെടുത്തിരിക്കുന്നത്. കേസിന്‍റെ അന്വേഷണത്തിനായി ജിആർപിയും ആർപിഎഫും റെയില്‍വേ പാലത്തിലേക്ക് ഒരു സംഘത്തെ അയച്ചു.
സംഭവത്തെ തുടര്‍ന്ന് പാലത്തില്‍ നിന്നും ചിത്രീകരിച്ച റീല്‍സ് അന്‍സാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. പ്രദേശവാസിയായ അസീം അഹമ്മദ് പ്രസ്‌തുത റീല്‍സ് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ അസീം അഹമ്മദിന് എതിരെയും കേസെടുത്തിട്ടുണ്ട്.
അര്‍ധ നഗ്‌നനായി സിഗരറ്റ് പുകച്ച് റെയില്‍വേ പാലത്തിലൂടെ അന്‍സാരി നടക്കുന്നതാണ് റീല്‍സ്. അതേ വീഡിയോയുടെ മറ്റൊരു ഷോട്ടില്‍ അന്‍സാരി ട്രാക്കില്‍ ഇരുന്ന് പോസ് ചെയ്യുന്നതും കാണാം. റീല്‍സിലുള്ളത് അസം അന്‍സാരിയാണെന്ന് ബോധ്യപ്പെട്ടതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ലഖ്‌നൗ സിറ്റി സ്റ്റേഷനിലെ ആർപിഎഫ് ഇൻസ്പെക്‌ടർ സുരേഷ് കുമാർ പറഞ്ഞു.
റെയിൽവേ ആക്‌ട് 147 (നിയമപരമായ അധികാരമില്ലാതെ ഏതെങ്കിലും വ്യക്തി റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തേക്ക് പ്രവേശിക്കുക), 145 (ട്രെയിനിലോ റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തോ വച്ച് മദ്യപിക്കുകയോ ശല്യമുണ്ടാക്കുകയോ ചെയ്യുക) കൂടാതെ 167 ( ട്രെയിനിൽ പുകവലി നിരോധനം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർത്തതിന് അൻസാരി നേരത്തെ ലഖ്‌നൗവിൽ അറസ്റ്റിലായിരുന്നു. അന്ന് റീല്‍സ് ചിത്രീകരണത്തിനിടെ ക്ലോക്ക് ടവറിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി.
അന്‍സാരിയെ യഥാർഥ സൽമാൻ ഖാൻ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ജനങ്ങള്‍ എത്തിയത്. സമാധാനം ലംഘിച്ചതിന് സെക്ഷന്‍ 151 പ്രകാരം അന്ന് അന്‍സാരിക്കെതിരെ കേസെടുത്തു. ഇൻസ്റ്റഗ്രാം താരമായ അൻസാരിക്ക് 87,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.