കാസര്‍കോടിന്‍റെ പശ്ചാത്തലത്തില്‍ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടി മഞ്ജു വാര്യരാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് ഫേസ്‌ബുക്ക് ഹാൻഡിലിലൂടെ റിലീസ് ചെയ്‌തത്. സൈജു കുറുപ്പാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് (Porattu Nadakam Starring Saiju Kurup first look poster out).
കാസർകോട് ജില്ലയിലെ നീലേശ്വരം പളളിക്കര, എരിക്കുളം, കാഞ്ഞിരപ്പൊയില്‍, വെള്ളൂട, എണ്ണപ്പാറ എന്നീ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ കൂടി മേല്‍നോട്ടത്തിലാണ് സിനിമ പൂർത്തീകരിച്ചത്. തന്‍റെ ശിഷ്യന്‍ കൂടിയായ നൗഷാദ് സഫ്രോണിന്‍റെ 'പൊറാട്ട് നാടകം' എന്ന സിനിമയുടെ ചിത്രീകരണത്തിലുടനീളം ഊർജമായി സിദ്ദിഖ് ഒപ്പം ഉണ്ടായിരുന്നു.
ഈ വർഷം മാര്‍ച്ച് അഞ്ചിന് കാഞ്ഞങ്ങാട് വെച്ച് നടന്ന ഓഡിഷനില്‍ സിദ്ദിഖ് ആയിരുന്നു അഭിനേതാക്കളെ തെരഞ്ഞെടുത്തതും. പിന്നീട് പാലക്കുന്ന് ക്ഷേത്രത്തില്‍ സിനിമയുടെ പൂജയ്‌ക്കും ഷൂട്ടിംഗിന്‍റെ ആദ്യ ദിവസങ്ങളിലും സിദ്ദിഖ് സെറ്റില്‍ ഉണ്ടായിരുന്നു. തന്‍റെ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ ചിരി നിറയ്‌ക്കുന്ന സിനിമയായിരിക്കും 'പൊറാട്ട് നാടകം' എന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടിരുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചുകൊണ്ടാണ് സംവിധായകൻ നൗഷാദ് നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ധർമ്മജൻ ബോൾഗാട്ടിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ക്രിസ്‌മസ് ആശംസകൾ നേർന്നുകൊണ്ട് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൈജു കുറുപ്പും ധർമ്മജനുമാണുള്ളത്. ഇവർക്കൊപ്പം പോസ്റ്ററിൽ ഒരു പശുവിനെയും കാണാം.
വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ 'പൊറാട്ട് നാടകം' പറയുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും പശ്ചാത്തലമായി വരുന്നുണ്ട്. എമിറേറ്റ്സ് പ്രൊഡക്ഷൻസ്, മീഡിയ യൂണിവേഴ്‌സ് എന്നിവയുടെ ബാനറിൽ വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്‍റെ നിർമാണം.
രമേഷ് പിഷാരടി, സുനിൽ സുഖദ, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ, ജിജിന രാധാകൃഷ്‌ണൻ, ഗീതി സംഗീത തുടങ്ങിയവരാണ് 'പൊറാട്ട് നാടക'ത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗായത്രി വിജയൻ കോ പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയാണ്.
'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ രാജേഷ് രാജേന്ദ്രൻ ആണ്. രാഹുൽ രാജ് ആണ് സംഗീത സംവിധാനം.
വസ്‌ത്രാലങ്കാരം : സൂര്യ രവീന്ദ്രൻ, ചമയം : ലിബിൻ മോഹൻ, കല : സുജിത് രാഘവ്, മുഖ്യ സംവിധാന സഹായി : അനിൽ മാത്യൂസ് പൊന്നാട്ട്, സഹസംവിധാനം : കെ.ജി. രാജേഷ് കുമാർ, നിർമാണ നിർവഹണം : ഷിഹാബ് വെണ്ണല, സ്റ്റിൽസ് : രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : ആന്‍റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ : പ്രസൂൽ അമ്പലത്തറ.