എറണാകുളം: 'കഹി' എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് മിഥുൻ മുകുന്ദൻ (Midhun Mukundan). രാജ് ബി ഷെട്ടി നായകനായ 'ടോബി', 'ഗരുഡ ഗമന ഋഷഭ വാഹന', മമ്മൂട്ടി ചിത്രം 'റോഷാക്ക്', നിവിൻ പോളി ചിത്രം 'രാമചന്ദ്രബോസ് ആൻഡ് കോ', പുനീത് രാജ്‌കുമാർ ചിത്രം 'മായാ ബസാർ' തുടങ്ങിയവയാണ് മിഥുൻ മുകുന്ദന്‍റെ സംഗീതത്തിൽ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ.
മലയാളി ആണെങ്കിലും തുടക്കം കന്നഡ സിനിമകളിലായിരുന്നു. ഉപരിപഠനത്തിന് മംഗലാപുരത്തേക്ക് ചേക്കേറിയ മിഥുൻ ബെംഗളൂരുവിലേക്ക് തന്‍റെ ജീവിതം പറിച്ചു നടുകയായിരുന്നു. ചെറുപ്പം മുതൽക്ക് തന്നെ സംഗീത മേഖലയിലേക്ക് കടന്നു വരണമെന്ന് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു മിഥുന്.
2015ല്‍ പുറത്തിറങ്ങിയ 'കഹി' ആണ് ആദ്യ ചിത്രം. ചിത്രവും സിനിമയിലെ സംഗീതവും കന്നഡ സിനിമ ലോകത്ത് വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. 'ഗരുഡ ഗമന ഋഷഭ വാഹന' ചിത്രത്തിലെ 'ചന്ദ്രചൂഡ' എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യ ഒട്ടാകെ ഏറ്റെടുത്തു. കന്നഡ സിനിമയിലെ ഷെട്ടി ടീമിനൊപ്പം സംഗീത ലോകത്ത് പുതിയ ചരിത്രം അദ്ദേഹം എഴുതി ചേര്‍ക്കുകയായിരുന്നു.
രാജ് ബി ഷെട്ടി തന്‍റെ സംഗീതത്തിന് വേണ്ടി വരികള്‍ എഴുതുമ്പോള്‍ ഗാനങ്ങൾക്ക് ഒരു മാസ്‌മരികത ലഭിക്കുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. രാജ് ബി ഷെട്ടി തന്നെയാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗാന രചയിതാവും. എസ് പി ബാലസുബ്രഹ്മണ്യം കന്നട സിനിമയിൽ അവസാനമായി ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ അവസരം ലഭിച്ചത് മിഥുൻ മുകുന്ദനായിരുന്നു.
അതേസമയം മിഥുന്‍ മുകുന്ദന്‍ മലയാളത്തിലേക്ക് കടന്നു വരുന്നത് മമ്മൂട്ടി നായകനായ 'റോഷാക്ക്' എന്ന സിനിമയിലൂടെയാണ്. മലയാളത്തിൽ അതുവരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമായ ആഖ്യാന രീതിയായിരുന്നു 'റോഷാക്കി'ന്‍റേത്. അതു കൊണ്ടു തന്നെ വെസ്‌റ്റേൺ രീതിയിലുള്ള സംഗീത മാതൃകയാണ് സിനിമയ്‌ക്ക് പിൻബലമായതും.
'റോഷാക്കി'ന്‍റെ പ്രിവ്യൂ കഴിഞ്ഞ ശേഷം, സംഗീതം വളരെ അധികം ഇഷ്‌ടപ്പെട്ടുവെന്ന് മമ്മൂട്ടി, സംവിധായകൻ നിസാം ബഷീറിനോട് അറിയിച്ചതായി അദ്ദേഹം തന്നോട് വെളിപ്പെടുത്തി. മമ്മൂട്ടിയോട് നേരിൽ കണ്ട് സംസാരിക്കാൻ എനിക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. സിനിമയുടെ വിജയാഘോഷ വേളയിലാണ് അദ്ദേഹവുമായി നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിക്കുന്നത്.
നന്നായി എന്ന ഒറ്റവാക്കിലാണ് മമ്മൂട്ടി മിഥുൻ മുകുന്ദനെ അഭിനന്ദിച്ചത്. പിന്നീട് ആന്‍റണി വർഗീസ് നായകനായ പൂവൻ ആയിരുന്നു മിഥുൻ മുകുന്ദന്‍റെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രം. നിവിൻ പോളി ചിത്രം 'രാമചന്ദ്രബോസി'ന്‍റെ സംഗീതവും മലയാള സംഗീത ലോകത്ത് ശ്രദ്ധേയമാണ്.