ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സി) തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ റിയാസ് ഖാന്‍. തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെന്ന ഫെഫ്‌സിയുടെ തീരുമാനത്തിലാണ് നടന്‍റെ പ്രതികരണം. നിരോധനം വന്നാല്‍ എല്ലാ സിനിമയിലും അഭിനയിക്കുമെന്നാണ് റിയാസ് ഖാന്‍ പറയുന്നത്.
'ഞാന്‍ മലയാളിയാണ്. പഠിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണ്. കല്യാണം കഴിച്ചത് തമിഴ്‌നാട്ടുകാരിയെയാണ്. ഞാന്‍ മുസ്ലിം ആണ്, ഭാര്യ ഹിന്ദുവാണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം. ഞാന്‍ ഭാര്യയെ വിട്ട് ഇവിടെ വന്ന് നില്‍ക്കണോ? ഭാര്യ തമിഴ്‌നാട്ടില്‍ നിന്നാല്‍ മതിയോ? അതൊന്നും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും.
അതില്‍ മോഹന്‍ലാല്‍ സാര്‍ ഉണ്ട്. വേറെ കുറേ അഭിനേതാക്കളുണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതില്‍. ഞങ്ങള്‍ വലിയ ഒരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയ ഒരു കുടുംബമാണത്. ഞങ്ങള്‍ ഇന്ത്യന്‍ സിനിമ അഭിനേതാക്കളാണ്. അങ്ങനെ നിരോധനം വന്നാല്‍ ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും' - റിയാസ് ഖാന്‍ പറഞ്ഞു.
തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണ് ഫെഫ്‌സി. രണ്ട് ദിവസം മുമ്പാണ് തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെന്ന് ഫെഫ്‌സി പ്രസ്‌താവന ഇറക്കിയത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം മതിയെന്നും ഫെഫ്‌സി തീരുമാനം എടുത്തിരുന്നു.
ചിത്രീകരണ സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തെ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കുക. സംവിധായകന്‍ രചയിതാവും ആണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഫെഫ്‌സി മുന്നോട്ട് വച്ചിരുന്നു.
'ഷീല' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിലായിരുന്നു റിയാസ് ഖാന്‍റെ പ്രതികരണം. കന്നട താരം രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല'. ചിത്രത്തില്‍ റിയാസ് ഖാനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഒരേസമയം മലയാളത്തിലും കന്നടയിലുമായി അണിയിച്ചൊരുക്കിയ ചിത്രം സര്‍വൈവല്‍ ത്രില്ലറാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശൃവത്‌കരിച്ചിരിക്കുന്നത്.
രാഗിണി, റിയാസ് ഖാൻ എന്നിവരെ കൂടാതെ സുനിൽ സുഖദ, മഹേഷ്, അവിനാഷ് (കന്നട നടന്‍), മുഹമ്മദ് എരവട്ടൂർ, പ്രദോഷ് മോഹന്‍, ശോഭരാജ് (കന്നട നടന്‍) ശ്രീപതി, ചിത്ര ഷേണായി, ജാനകി ദേവി, ലയ സിംപ്‌സണ്‍, സ്നേഹ മാത്യു, ബബിത ബഷീർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രിയ ലക്ഷ്‌മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ ഡിഎം പിള്ള ആണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.