മുംബൈ: സ്കോട്ടിഷ് നടൻ റിച്ചാർഡ് മാഡൻ ഞായറാഴ്‌ച ഇന്ത്യയിലെത്തി. ആഗോള സീരീസായ ‘സിറ്റഡൽ’ ൻ്റെ ഏഷ്യ-പസഫിക് മേഖലയിലുള്ള പ്രൊമോഷൻ കാമ്പയിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് താരം ഇന്ത്യയിലെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോഗ്രാഫുകൾ പ്രകാരം ഞായറാഴ്‌ച രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരം അംഗരക്ഷകരുടെ അകമ്പടിയോടെ കാറിൽ പുറപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
കറുപ്പ് നിറമുള്ള ടീ ഷർട്ടും സൺഗ്ലാസും ധരിച്ച താരത്ത പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. പ്രൈം വീഡിയോയുടെ സ്പൈ ത്രില്ലർ സീരീസായ ‘സിറ്റഡൽ’ ൽ ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര ജോനാസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തൻ്റെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനും, മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനും ഒപ്പം പ്രിയങ്ക വെള്ളിയാഴ്‌ച തന്നെ ഇന്ത്യയിലെത്തിയിരുന്നു.
പ്രിയങ്കയും, റിച്ചാർഡ് മാഡനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിൻ്റെ രണ്ടാമത്തെ ട്രെയിലർ മാർച്ച് 31 ന് പുറത്തിറങ്ങിയിരുന്നു. മുൻപേ റിലീസ് ചെയ്യാനിരുന്ന സീരീസിൻ്റെ രണ്ടാമത്തെ ട്രെയിലർ ഗ്രീസിൽ ഉണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. പിന്നീട് പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ട്രെയിലർ റിലീസ് ചെയ്യുകയായിരുന്നു.
‘സിറ്റഡൽ’ എന്ന രഹസ്യാന്വേഷണ ഏജൻസി: ‘സിറ്റഡൽ’ എന്ന രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മേസൺ കെയ്ൻ (റിച്ചാർഡ്), നാദിയ സിൻ (പ്രിയങ്ക) എന്നീ ഏജൻ്റുകളായാണ് സീരീസിൽ പ്രിയങ്കയും മാഡനും വേഷമിടുന്നത്. ആഗോള ചാരസംഘടനയായ സിറ്റാഡലിൻ്റെ പതനത്തിനു ശേഷം രക്ഷപ്പെടുന്ന ഇരുവരുടെയും ഓർമ്മകളും തുടച്ചു നീക്കപ്പെടുന്നു.
ശേഷം ഓർമ്മ തിരിച്ചു കിട്ടുന്ന മേസൺ തൻ്റെ പ്രണയിനിയും സഹപ്രവർത്തകയുമായ നാദിയയെ കാണാൻ പോകുകയും തുടർന്ന് ഒരു വില്ലൻ കഥാപാത്രത്തിൻ്റെ ആക്രമണത്തെ തുടർന്ന് ഓർമ്മ തിരിച്ചു കിട്ടുന്ന നാദിയയും മേസണും ചേർന്ന് തങ്ങളുടെ പുതിയ ദൗത്യത്തിന് പുറപ്പെടുന്നതുമാണ് സീരീസിൻ്റെ ഉള്ളടക്കം. ഹോളിവുഡ് താരം സ്റ്റാൻലി ടുച്ചിയും ‘സിറ്റഡൽ’ ൽ ഒരു പ്രധാന വേഷത്തലെത്തുന്നുണ്ട്.
also read: ആക്ഷൻ സീരീസിനൊരുങ്ങി സാമന്ത; ചോര പൊടിയുന്ന കൈകളുടെ ചിത്രങ്ങൾ പങ്കുവെച്ച് താരം
ഗെയിം ഓഫ് ത്രോൺസ്’ലെ റോബ് സ്റ്റാർക്ക്: HBO യുടെ ഇതിഹാസ ഫാൻ്റസി സീരീസായ ‘ഗെയിം ഓഫ് ത്രോൺസ്’ൽ റോബ് സ്റ്റാർക്ക് എന്ന യോദ്ധാവായ രാജകുമാരനായി വേഷമിട്ടുകൊണ്ടാണ് മാഡൻ ആഗോള പ്രശസ്തി നേടിയത്. തുടർന്ന് മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ഭാഗമായ എറ്റേണൽസ് എന്ന സിനിമയിൽ ഇക്ക്റിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പ്രേക്ഷക പ്രീതി നേടിയിരുന്നു.
‘ബോഡിഗാർഡ്’ എന്ന ബിബിസി ത്രില്ലർ പരമ്പരയിലെ പൊലീസ് ഓഫീസറായുള്ള അദ്ദേഹത്തിൻ്റെ പ്രകടനത്തിന് മികച്ച അഭിനയത്തിനുള്ള ആഗോള ബഹുമതിയായ ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിരുന്നു. ആമസോൺ പ്രൈമിൽ ഏപ്രിൽ 28 മുതൽ ‘സിറ്റഡൽ’ സ്ട്രീമിംഗ് ആരംഭിക്കും. സിറ്റഡലിൻ്റ ഇന്ത്യൻ പതിപ്പിൽ സാമന്തയും, വരുൺ ധവാനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.