എറണാകുളം : ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു. കൊച്ചിയിലേയ്ക്കുള്ള ഇന്നത്തെ വിമാന യാത്രികരുടെ പട്ടികയിൽ വിജയ് ബാബുവിന്‍റെ പേരില്ലെന്ന് പൊലീസ് അറിയിച്ചു. വിജയ് ബാബുവിന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ പൊലീസ് അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
ഇന്ന് അഞ്ച് മണിയ്ക്ക് ശേഷം ഇന്‍റര്‍പോളിനെക്കൊണ്ട് റെഡ്കോർണർ നോട്ടിസ് ഇറക്കിക്കാനുള്ള നടപടി സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചു. രാജ്യം വിട്ടുപോകുന്ന കുറ്റവാളിയെയോ കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെയോ പിടികൂടുന്നതിന് ഇന്‍റർപോള്‍ പുറപ്പെടുവിക്കുന്ന നോട്ടിസാണ് റെഡ് കോർണർ. ഇന്‍റർപോളിന്‍റെ നാല് ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്‌പാനിഷ് എന്നിവയിലാണ് നോട്ടിസ് പുറത്തിറക്കുന്നത്.
അംഗ രാജ്യത്തിന്‍റെ അഭ്യര്‍ഥന പ്രകാരം ഇന്‍റർപോള്‍ ജനറല്‍ സെക്രട്ടേറിയറ്റ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. അതേസമയം യാത്രാരേഖകൾ ഇന്നോ നാളെയോ ഹൈക്കോടതിയിൽ ഹാജരാക്കാമെന്ന് വിജയ് ബാബുവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു മടങ്ങിയെത്തിയാൽ മാത്രം മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മടക്കയാത്രയുടെ ടിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത ജോർജിയയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. വിജയ് ബാബുവിനെ തിരിച്ചെത്തിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും പരാജയപെട്ടതോടെയാണ് പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്.
തുടർന്ന് വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദാക്കുകയും ചെയ്‌തിരുന്നു. ബിസിനസ് ടൂറിലാണെന്നും ഈ മാസം 24ന് നാട്ടിലെത്തുമെന്നും പാസ്പോര്‍ട്ട് ഓഫിസറെ വിജയ് ബാബു അറിയിച്ചിരുന്നു. കഴിഞ്ഞ 19ന് നാട്ടിലെത്തുമെന്നായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനി പീഡന പരാതി നൽകിയത്.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. മെയ് 22ന് തന്നെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.