ആഘോഷ തിരക്കുകൾക്കൊപ്പം കുടുംബത്തോടൊപ്പം ഓണക്കാലത്ത് രസകരമായൊരു ചിത്രം തിയേറ്ററില്‍ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം എന്ന റിപ്പോർട്ട് സമ്പാദിച്ച് നിവിൻ പോളി (Nivin Pauly) നായകനായ 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co response) തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
റിലീസിന്‍റെ രണ്ടാം ദിനത്തിലും മികച്ച അഭിപ്രായമാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' പറയുന്നത്. ഒരു പക്കാ ഫാമിലി എൻ്റര്‍ടെയ്‌നറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഹനീഫ് അദേനി (Haneef Adeni) സംവിധാനം ചെയ്‌ത ഈ നിവിന്‍ പോളി ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ഈ ഓണക്കാലത്ത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പാകത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ഒരുക്കിയിരിക്കുന്നത്.
അതേസമയം ഇതാദ്യമായല്ല ഒരു നിവിന്‍ പോളി ചിത്രം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. അൽത്താഫ് സംവിധാനം ചെയ്‌ത 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള(2017), ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലൗ ആക്ഷൻ ഡ്രാമ' (2019) എന്നീ നിവിന്‍ പോളി ചിത്രങ്ങളും ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയിരുന്നു. നിവിന്‍ പോളിയുടെ ഓണം റിലീസുകള്‍ എല്ലാം ആ വർഷങ്ങളിൽ മികച്ച വിജയം നേടി.
'ലൗ ആക്ഷൻ ഡ്രാമ'യിലെ ദിനേശനും, 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലെ കുര്യനും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും അത്രപെട്ടെന്ന് ഇറങ്ങിപ്പോകില്ല. ഈ ഒരു നിരയിലേക്ക് ചേര്‍ത്ത് വയ്‌ക്കാവുന്ന ഒരു കഥാപാത്രമാണ് നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് എന്ന കഥാപാത്രവും.
ഒരു കൊള്ളക്കാരനായാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ നായകനായി എത്തിയ സിനിമയില്‍ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, ആർഷ ബൈജു, മമിത ബൈജു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
യുഎഇയിലും കേരളത്തിലുമായിരുന്നു ചിത്രീകരണം. സംവിധാനത്തിന് പുറമെ ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. നേരത്തെ 'മിഖായേൽ' എന്ന ചിത്രത്തിന് വേണ്ടിയും നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിച്ചിരുന്നു. 'മിഖായേലി'ല്‍ നിന്നും വളരെ വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ഛായാഗ്രാഹകന്‍ വിഷ്‌ണു തണ്ടാശേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിങ് - നിഷാദ് യൂസഫ്, ഗാനരചന - സുഹൈൽ കോയ, സംഗീതം - മിഥുൻ മുകുന്ദന്‍, ആക്ഷൻ - ഫീനിക്‌സ് പ്രഭു, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, വിഎഫ്എക്‌സ് - പ്രോമിസ്, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, മേക്കപ്പ് – ലിബിൻ മോഹനൻ.