എറണാകുളം: കള്ളൻമാരുടെ കഥ പറയുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന ചിത്രത്തിൽ നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്നു. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്ന് നിർമിക്കുന്ന രാമചന്ദ്ര ബോസ് ആൻഡ് കോയുടെ പ്രചാരണപരിപാടികൾ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഫോർട്ട്, നടി ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്‍റെ സന്തതികൾ, മിഖായേൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഹനീഫ് അദേനി സ്വന്തം ശൈലിയിൽ നിന്ന് അപ്പാടെ മാറി വ്യത്യസ്‌തയോടെ ചെയ്യുന്ന കഥാസാരാംശമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിലുള്ളത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളിക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന നിവിൻ പോളി എന്ന ജനപ്രിയ നടന്‍റെ ചിരിയും തമാശകളും ഒക്കെ രാമചന്ദ്ര ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഈ ഓണത്തിന് അവതരിക്കുമെന്ന് അണിയറ പ്രവർത്തകർ ആദ്യം തന്നെ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച് നിർമാണ സംരംഭത്തിൽ ഏർപ്പെടുന്ന ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ് ആൻഡ് കോ.
കഴിഞ്ഞ കുറച്ചു നാളുകളായി പൃഥ്വിരാജിനൊപ്പം ഉള്ള യാത്രയിൽ നിന്ന് വ്യതിചലിച്ച് നിവിൻ പോളിക്ക് ഒപ്പമുള്ള സഹകരണം കുറ്റമറ്റതായിരുന്നുവെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പതിവ് ശൈലിയിൽ പറഞ്ഞു. പൃഥ്വിരാജിനൊപ്പവും നിവിൻ പോളിയോടൊപ്പവും പ്രവർത്തിക്കുമ്പോൾ തനിക്ക് യാതൊരു വ്യത്യാസവും തോന്നിയിട്ടില്ല. നിവിൻ പോളി നായകനായെത്തുന്ന മൂന്ന് സിനിമകളുടെ നിർമാണ സംരംഭം ഇതിനോടകം ലിസ്റ്റിൻ സ്റ്റീഫന്‍റെ നിർമാണ കമ്പനിയായ മാജിക് ഫ്രെയിംസ് ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിലെ തമാശകൾ ബ്ലാക്ക് ഹ്യൂമർ ടൈപ്പ് രീതിയിലുള്ളതാണ്. എങ്കിലും കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന തരത്തിൽ യാതൊരുവിധ അനാവശ്യ ചേരുവകളും ഉൾപ്പെടുത്താതെ തമാശയുടെ ഉദ്ദേശശുദ്ധിയിൽ മാത്രമാണ് ചിത്രത്തിലെ കോമഡികൾ വർക്കൗട്ട് ചെയ്‌തിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തിനായി ഒരു മൂക്കുത്തി നിവിൻ ഈ ചിത്രത്തിൽ അണിഞ്ഞിട്ടുണ്ട്.
സംവിധായകന്‍റെ നിർദേശ പ്രകാരമായിരുന്നു മൂക്കുത്തി അണിയാൻ നിവിൻ പ്രേരിതനായത്. ചിത്രത്തിന്‍റെ പ്രൊമോഷണൽ പരിപാടികൾ പൊതുവേ കുറവാണ് എന്നുള്ള ചോദ്യത്തിന് പൂജ ഹോളിഡേയ്‌സ് മുൻനിർത്തി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ. പക്ഷേ ഓണക്കാലത്തെ ബിസിനസ് കൂടി മുന്നില്‍ കണ്ടാണ് ഇപ്പോൾ റിലീസ് ചെയ്യാൻ തീരുമാനം എടുത്തത്.
അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ യുദ്ധകാല അടിസ്ഥാനത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ചിത്രം തിയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്താൽ പ്രൊമോഷണൽ പരിപാടികളുടെ രൂപത്തിനും ഭാവത്തിനും മാറ്റം വരുമെന്ന് തമാശയോടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞുനിർത്തി. കിങ് ഓഫ് കൊത്തയ്ക്കും ആർഡിഎക്‌സിനും ഒപ്പമാണ് നിവിന്‍റെ ചിത്രവും മത്സരത്തിനെത്തുന്നത്.
എല്ലാ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കണമെന്നും ഒരു ഇടവേളക്കു ശേഷം എന്‍റെ ചിത്രം ആണെന്നുള്ള പരിഗണന തങ്ങൾക്ക് പ്രേക്ഷകർ തരുമെന്നും നിവിൻ പോളി അഭിപ്രായപ്പെട്ടു. ഇടക്കാലത്ത് ശരീരഭാരം വർധിക്കുകയും പിന്നീട് ശരീരഭാരം കുറച്ചു പുതിയ ലുക്കിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ വീണ്ടും ശരീരഭാരം വർധിപ്പിച്ചാണ് നിവിൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
തനിക്ക് ഇഷ്‌ടമുള്ളതു പോലെ ജീവിക്കുമെന്നും കഥാപാത്രങ്ങൾക്ക് ആവശ്യാനുസരണം ചിലപ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും നിവിന്‍ പറഞ്ഞു. 'ഭക്ഷണം കഴിക്കാൻ ഇഷ്‌ടമുള്ള ആളായതുകൊണ്ട് ശരീരഭാരത്തെ കുറിച്ച് കോൺഷ്യസ് അല്ല. ബോഡി ഷെയിമിംങ് മുഖവിലയ്ക്ക് എടുക്കാറില്ല' -നിവിന്‍റെ വാക്കുകൾ.
ദുബായുടെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ കോമഡി മാസ് മസാല എന്‍റർടെയിനർ പ്രേക്ഷകർക്ക് തിയേറ്ററിൽ പ്രതീക്ഷിക്കാം. പൊതുവെ ബ്ലാക്ക് ഹ്യൂമർ ചിത്രങ്ങളിൽ അഭിനയിക്കുന്നതു കൊണ്ട് തന്നെ നായിക ആർഷ ബൈജുവിന് ബ്ലാക്ക് ഹ്യൂമർ നായിക എന്നൊരു ലേബൽ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യാദൃശ്ചികമായാണ് അത്തരം കഥാപാത്രങ്ങൾ തന്നെ തേടി വന്നതെന്ന് ആർഷ മറുപടി പറഞ്ഞു. അപ്പൻ സിനിമയുടെ സംവിധായകൻ മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ കഥാപാത്ര രൂപവുമായാണ് വിനയ് ഫോർട്ട് പ്രമോഷൻ പരിപാടികൾക്ക് എത്തിയത്. വിനയ് ഫോർട്ടിന്‍റെ പുതിയ രൂപം ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി കഴിഞ്ഞു.