പ്രേക്ഷകർക്ക് അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവമൊരുക്കാനൊരുങ്ങി ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗെയിം ചേഞ്ചർ'. ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മിക്കുന്നത് (Game Changer First Single Poster).
പാൻ ഇന്ത്യൻ സിനിമയായ 'ഗെയിം ചേഞ്ചർ' നെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ദസറ ദിനത്തില്‍ 'ഗെയിം ചേഞ്ചർ' നിർമ്മാതാക്കൾ ആരാധകർക്ക് വിജയ ദശമി ആശംസകൾ നൽകിക്കൊണ്ട് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കി. അതോടൊപ്പം വരുന്ന ദീപാവലി ദിനത്തിൽ ചിത്രത്തിലെ ആദ്യ സിംഗിൾ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ നിർമാണം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ താരതമ്യേന വിരളമായാണ് പുറത്ത് വരുന്നത് എന്നതിനാൽ ആരാധകരുടെ പ്രതീക്ഷയും ആകാംക്ഷയും ശക്തമാണ്. തെലുഗു സൂപ്പർ സ്റ്റാർ രാംചരണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ ബോളിവുഡിന്‍റെ പ്രിയ താരം കിയാര അദ്വാനിയാണ് നായിക.
അതേസമയം 'ഗെയിം ചേഞ്ചർ' ചിത്രത്തിന്‍റെ പ്ലോട്ടും മറ്റ് വിശദാംശങ്ങളും അണിയറക്കാർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഏതായാലും രാം ചരണും കിയാരയും ശങ്കറും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ചെറുതാകാൻ വഴിയില്ല. ഈ കൂട്ടുകെട്ട് ബിഗ് സ്‌ക്രീനിൽ മാന്ത്രികത സൃഷ്‌ടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത് രണ്ടാം വട്ടമാണ് കിയാരയും രാംചരണും ഒരു ചിത്രത്തിനായി കൈകോർക്കുന്നത്. 'വിനയ വിധേയ രാമ' എന്ന ചിത്രത്തിലാണ് നേരത്തെ ഇരുവരും ഒന്നിച്ചത്. 2019ൽ ആയിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്.
അതേസമയം 'സത്യപ്രേം കി കഥ' എന്ന ചിത്രമാണ് കിയാര അദ്വാനിയുടെ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. കാർത്തിക് ആര്യൻ നായകനായി എത്തിയ സിനിമയിലെ കിയാരയുടെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച താരം 'ഗെയിം ചേഞ്ചറി'ലും ഞെട്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇതിനിടെ പ്രതിഭാധനനായ സംവിധായകൻ ശങ്കറിനും സുഹൃത്തായ രാംചരണിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ ആവേശം കിയാര പങ്കുവച്ചിരുന്നു. വിലപ്പെട്ട ഒരു പഠനാനുഭവമായാണ് ഈ അവസരത്തെ കണക്കാക്കുന്നത് എന്നായിരുന്നു താരത്തിന്‍റെ വാക്കുകൾ. കിയാരയുടെ ആദ്യത്തെ പാൻ - ഇന്ത്യൻ ചിത്രം കൂടിയാകും 'ഗെയിം ചേഞ്ചർ'.
രാം ചരണ്‍ തന്‍റെ ആദ്യ നിര്‍മാണ സംരംഭമായ 'ദി ഇന്ത്യ ഹൗസ്' എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയിരുന്നു. നിഖിൽ സിദ്ധാർഥയും അനുപം ഖേറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്‍റെ പുതിയ പ്രൊഡക്ഷൻ ബാനറായ വി മെഗാ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് രാം ചരൺ ചിത്രം നിർമിക്കുന്നത്. അടുത്തിടെ താരം തന്‍റെ പ്രൊഡക്ഷന്‍ ബാനറായ വി മെഗാ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷന്‍സുമായി ചേര്‍ന്നാണ് താരം പുതിയ ബാനര്‍ പ്രഖ്യാപിച്ചത്.