ഹൈദരാബാദ്: മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ് ക്വീൻ ആലിയ ഭട്ട്. ആരാധകരെ ഒട്ടും നിരാശരാക്കാതെയാണ് തന്‍റെ ആദ്യ മെറ്റ് ഗാലയിൽ ആലിയ റെഡ് കാർപ്പറ്റ് കീഴടക്കിയത്. എക്കാലത്തെയും വലിയ ഫാഷൻ നിശയിൽ തന്‍റേതായ ഇടം ഉറപ്പിക്കാൻ ഒരു ലക്ഷത്തിലധികം പവിഴങ്ങൾ പതിച്ച പ്രിസ്‌റ്റീൻ വെള്ള ഗൗണിലാണ് താരമെത്തിയത്.

'കാൾ ലാഗർഫെൽഡ്; എ ലൈൻ ഓഫ് ബ്യൂട്ടി': അമേരിക്കൻ ഫാഷൻ ഡിസൈനറായ പ്രബൽ ഗുരുംഗ് സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്‍റെ 1992-ലെ ചാനൽ ബ്രൈഡൽ ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വസ്‌ത്രം നിർമിച്ചിരിക്കുന്നത്. അന്തരിച്ച ജർമ്മൻ ഫാഷൻ സാമ്രാട്ട് കാൾ ലാഗർഫെൽഡിന്‍റെ സ്മരണാർത്ഥം 'കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി' എന്ന പ്രമേയത്തിലാണ് ഇത്തവണ മെറ്റ് ഗാല എത്തിയത്.

1950-കളിൽ ഫാഷനിൽ കരിയർ ആരംഭിച്ച വ്യക്തിയാണ് ലാഗർഫെൽഡ്. ബാൽമെയിൻ, പടൗ, ക്ലോസ് എന്നിവയുൾപ്പെടെ നിരവധി മുൻനിര ഫാഷൻ ഹൗസുകളിൽ പ്രവർത്തിച്ച ലാഗർഫെൽഡ് 1983ലാണ് ചാനലിൽ ചേരുന്നത്. 1983 മുതൽ മരിക്കുന്നതുവരെ ചാനലിന്‍റെ ക്രിയേറ്റീവ് ഡയറക്‌ടറായി ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചു. ലോകത്തെ മുൻനിര ഫാഷൻ ഹൗസുകളിലൊന്നായി ചാനൽ ബ്രാൻഡിനെ മാറ്റിയത് ലാഗർഫെൽഡ് ആയിരുന്നു.
ലാഗർഫെൽഡ് ബ്രൈഡൽ വസ്‌ത്രങ്ങൾ വിപണി കീഴടക്കിയിരുന്നു. പ്രശസ്‌തമായ ചാനൽ ബ്രൈഡൽ ശേഖരത്തിൽ നിന്നാണ് പ്രബൽ ഗുരുംഗ് ആലിയയുടെ ഔട്ട് ഫിറ്റ് തെരഞ്ഞെടുത്തത്. തന്‍റെ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്ന ആലിയയുടെ മെറ്റ് ഗാല അരങ്ങേറ്റം കൃത്യ സമയത്താണ്. ആലിയയുടെ ഹോളിവുഡ് സിനിമ ഓഗസ്റ്റിൽ ഒടിടി റിലീസ് ചെയ്യും.