പൃഥ്വിരാജ് ആരാധകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കാളിയന്‍'. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'കാളിയന്‍റെ' ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു 'കാളിയന്‍റെ' പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച 'കാളിയന്‍റെ' ചിത്രീകരണം പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. 'കാളിയന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജ് മോഹന്‍ലാലിന്‍റെ 'എമ്പുരാനി'ലേയ്‌ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പഴയ തെക്കന്‍ ദേശത്തെ വീര യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമാണ് 'കാളിയന്‍'. വേണാടിന്‍റെ ചരിത്രത്തിലെ വീര പുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്‍റെ ആത്മ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമ കൂടിയാണിത്.
ചരിത്ര കഥ പറയുന്ന ചിത്രം ഒരു മാസ് കൊമേഴ്‌ഷ്യല്‍ എന്‍റര്‍ടെയ്‌നര്‍ ആയാണ് തിയേറ്ററുകളില്‍ എത്തുക. മാധ്യമ പ്രവര്‍ത്തകനായ എസ് മഹേഷ് ആണ് സിനിമയുടെ സംവിധായകന്‍. 'ബാഹുബലി', 'കെജിഎഫ്' പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'കാളിയന്‍' എന്ന് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
സത്യരാജും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ബാഹുബലി'ക്ക് ശേഷമുള്ള സത്യരാജിന്‍റെ ശക്തമായ കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് സൂചന. ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭരും സിനിമയുടെ ടീമില്‍ ഭാഗമാവും. തമിഴ്‌നാട് ഉള്‍നാടന്‍ ഗ്രാമങ്ങളാകും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് നായരാണ് സിനിമയുടെ നിര്‍മാണം. പിടി അനില്‍ കുമാര്‍ ആണ് രചന നിര്‍വഹിക്കുക. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിര്‍വഹിക്കും. കെജിഎഫ് സീരീസിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്‌രൂര്‍ ആണ് സംഗീതം.
Also Read: അക്ഷയ് കുമാറിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി പൃഥ്വിരാജ് ; വീഡിയോ