തെന്നിന്ത്യ മാത്രമല്ല, ഇന്ത്യൻ സിനിമാലോകമാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാര്‍ ഭാഗം 1 - സീസ്‌ഫയർ' (Salaar Part 1 Ceasefire censored). കെജിഎഫ് ഫ്രാഞ്ചൈസിയ്‌ക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
സിനിമയിലെ തന്‍റെ ഡബ്ബിങ് പൂർത്തിയായ വിവരമാണ് പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചത് (Prithviraj completed Salaar dubbing). ഇതുവരെ വിവിധ ഭാഷകളിൽ സ്വന്തം ശബ്‌ദത്തിൽ താൻ ഡബ്ബ് ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
'അങ്ങനെ സലാർ ഡബ്ബിംങ് പൂർത്തിയാക്കി. ഇതുവരെ വർക്ക് ചെയ്‌തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്‌ദം നൽകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്‌തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് അഞ്ച് വ്യത്യസ്‌ത ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ സ്വന്തം മലയാളവും. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും'- പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഡബ്ബിങ്ങിനിടെ പകർത്തിയ ചിത്രവും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.
വരധരാജ് മന്നാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദേവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ഈ ചിത്രം പറയുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റും ദൈര്‍ഘ്യമുള്ള സലാറിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം. കേരളത്തിലും സലാർ തരംഗം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി ബസ്രൂർ ആണ് സിനിമയുടെ സംഗീതം. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ്. കെജിഎഫ് ചാപ്‌റ്റര്‍ 2 സിനിമയുടെ എഡിറ്റിങ് നിർവഹിച്ചതും ഉജ്വൽ കുൽക്കർണി ആയിരുന്നു. അതേസമയം 'സലാറിന്‍റെ' രണ്ടാമത്തെ ട്രെയിലര്‍ (Salaar second trailer release) അടുത്ത ആഴ്‌ച റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഇതുസംബന്ധിച്ച് അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
READ MORE: സലാറിന് എ സര്‍ട്ടിഫിക്കേറ്റ്; സലാര്‍ രണ്ടാം ട്രെയിലര്‍ അപ്‌ഡേറ്റ് പുറത്ത്