പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഇന്ന്(സെപ്‌റ്റംബര്‍ 30) പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. തമിഴ്, തെലുഗു, കന്നട, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ 295 സ്‌ക്രീനുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍റെ പ്രദര്‍ശനം നടക്കുന്നത്.
തമിഴ് ചിത്രങ്ങള്‍ അതേ ഭാഷയില്‍ തന്നെ കാണാന്‍ ഇഷ്‌ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് പൊന്നിയിന്‍ സെല്‍വനിലെ തമിഴ് അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയതായാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഷോയ്‌ക്ക് ശേഷമുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പത്താം നൂറ്റാണ്ടില്‍ ചോള സാമ്രാജ്യത്തിലെ കഥ പറയുന്ന സിനിമ ആയതിനാല്‍ സെന്തമിഴ് (ചെന്തമിഴ്) ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് അനായാസം മനസിലാകുന്ന തമിഴില്‍ നിന്ന് വളരെ വ്യത്യസ്‌തമായ തമിഴാണിത്. ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ആസ്വാദനത്തെ ബാധിച്ചതായാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്.
അതിനാല്‍ ചിത്രത്തിന്‍റെ മലയാളം പതിപ്പ് തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ചിത്രം കണ്ടവര്‍ പറയുന്നു. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണ മൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്‌പദമാക്കിയാണ് സിനിമ ഒരുക്കിയത്.
ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ധുലിപാല തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.