ഡൽഹി : ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെൻ്ററിയാണ് ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’. ഇത്തവണത്തെ ഓസ്‌കർ അവാര്‍ഡിൽ ഏറ്റവും മികച്ച ഡോക്യുമെൻ്ററിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിൻ്റെ നേട്ടം ഇന്ത്യൻ സിനിമാലോകം ഏറെ ആഘോഷിച്ചിരുന്നു. ഡോക്യുമെൻ്ററി വിഭാഗത്തിൽ അവാർഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സൃഷ്‌ടി എന്ന ബഹുമതിയും ദ എലിഫൻ്റ് വിസ്‌പറേഴ്‌സിന് സ്വന്തമാണ്. തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഡോക്യുമെൻ്ററിക്ക് ഓസ്‌കർ അവാർഡ് ലഭിച്ചതിൽ പ്രേക്ഷകർക്ക് ഉണ്ടായ അത്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ഡോക്യുമെൻ്ററിയുടെ നിർമ്മാതാവ് ഗുനീത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ സിനിമാറ്റിക് മികവും, വിജയവും ലോകമെമ്പാടും ചർച്ചയാവുകയും സിനിമ ഏറെ പ്രശംസയും ശ്രദ്ധയും നേടുകയും ചെയ്‌തിരുന്നു. ഇന്ന് എനിക്ക് ആ സിനിമയുടെ നിർമ്മാണത്തിൽ പങ്കുവഹിച്ച ടീമിനെ കാണാൻ അവസരം ലഭിച്ചു. അവർ ശരിക്കും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി’ സിനിമയുടെ നിർമ്മാതാവും സംവിധായികയുമായ സ്‌ത്രീകളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ : മോംഗയുടെ നിർമാണത്തിൽ ഗോൺസാൽവസ് സംവിധാനം നിർവഹിച്ച ഡോക്യുമെൻ്ററി ഈ മാസം ആദ്യമാണ് 95-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ ഏറ്റവും മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള അംഗീകാരം നേടിയത്. രഘു എന്ന പേരുള്ള ആനക്കുട്ടിയും അതിന്‍റെ സംരക്ഷണച്ചുമതലയില്‍ നിയോഗിക്കപ്പെട്ട തമിഴ്‌നാട്ടുകാരായ ദമ്പതികളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വരച്ചുകാട്ടുന്നതാണ് ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെൻ്ററി. തമിഴ്‌നാട്ടിലെ മുതുമല ആനത്താവളത്തിലും മറ്റ് ഒറ്റപ്പെട്ട വനമേഖലകളിലുമായാണ് ഡോക്യുമെൻ്ററിയുടെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത്.
also read: 'ഇൻസ്‌പയറിങ് ഫിലിം മേക്കർ ഓഫ് ദ ഇയർ' ; പുരസ്‌കാര നിറവില്‍ ബേസിൽ ജോസഫ്
മോദി ആദരിക്കുന്നതിന് മുൻപ് സ്റ്റാലിൻ : അതേസമയം നരേന്ദ്ര മോദി ആദരിക്കുന്നതിന് മുൻപ് ഡോക്യുമെൻ്ററി ഓസ്‌കർ നേടിയതിൻ്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ മാസം ആദ്യം ചിത്രത്തിൻ്റെ സംവിധായക കാർത്തികി ഗോൺസാൽവസിനെ ആദരിച്ചിരുന്നു. ആഗോള തലത്തിൽ തമിഴ്‌നാടിന് പ്രശസ്‌തി നേടിത്തന്നതിന് ചിത്രത്തിൻ്റ നിർമ്മാതാവ് ഗുനീത് മോംഗയെ പ്രശംസിക്കുകയും ചെയ്‌തു. ഓസ്‌കർ നേട്ടത്തിലൂടെ തമിഴ്‌നാട് സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും കീർത്തി ലോകമൊട്ടാകെ അറിയിച്ചതിന് ചിത്രത്തിൻ്റ സംവിധായികയ്ക്കും നിർമ്മാതാവിനുമായി ഒരു കോടി രൂപയുടെ ചെക്കും പ്രശംസാപത്രവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന പ്രകാരം ആനമല കടുവ സങ്കേതത്തിലെ (എടിആർ) തെപ്പക്കാട് ആനക്യാമ്പിലും കോഴിക്കാംമുത്തി ആന ക്യാമ്പിലും പ്രവർത്തിക്കുന്ന 91 പാപ്പാന്മാർക്കും കാവടികൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘തമിഴ്‌നാടിന് ഓസ്‌കർ ലഭിച്ചത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഒരു ആദിവാസി സമൂഹത്തിൽ ചിത്രീകരിച്ച ഡോക്യുമെൻ്ററി ഇങ്ങനെ അംഗീകാരങ്ങള്‍ നേടുന്നത് കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ സന്തോഷമുണ്ട്’ - മാധ്യമങ്ങളോട് സംസാരിച്ച കാർത്തികി ഗോൺസാൽവസ് പറഞ്ഞു.