ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് ഡിസംബർ 21നാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും കലക്ഷനും നേടി മുന്നേറുന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടർച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനൊടുവില്‍ നേര് മികച്ച വിജയവുമായി മുന്നേറുമ്പോഴാണ് ചിത്രത്തിന്‍റെ വ്യാജന്‍ പ്രചരിക്കുന്നത്.
മോഹൻലാലിന്‍റെ മോൺസ്റ്റർ, എലോൺ തുടങ്ങിയ ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ നിരാശയായിരുന്നു ഫലം. എന്നാൽ ഇപ്പോൾ പ്രേക്ഷകർ നേരിലൂടെ താരത്തിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്. അഭിനയ ചാരുതയ്ക്ക് മങ്ങലേറ്റു എന്നുള്ള തരത്തിൽ വരെയുള്ള പ്രചരണം നടക്കുന്നതിനിടെ നേരിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഹൻലാലിനെ വീണ്ടും പ്രേക്ഷകർ നെഞ്ചേറ്റി. എങ്ങും പോസിറ്റീവായ പ്രതികരണമാണ് നേരിന് ലഭിച്ചുകൊണ്ടിരിക്കുന്നത് (Mohanlal movie Neru).
ചിത്രം റിലീസിന് എത്തുന്നതിന് രണ്ടുദിവസം മുമ്പ് കഥാമോഷണവുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു. ദൃശ്യം 2വിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷനിൽ തിയേറ്ററിലെത്തുന്ന ചിത്രം എന്ന നിലയ്ക്ക് നേരിന്‍റെ പ്രതീക്ഷ വാനോളം തന്നെയായിരുന്നു. വിവാദങ്ങൾ കാറ്റിൽ പറത്തി മികച്ചൊരു ചിത്രമായി നേര് പ്രേക്ഷകരുടെ വിശ്വാസം കാത്തു. വർഷാവസാനത്തിനുമുമ്പ് മികച്ച കലക്ഷൻ നേടി 2023ലെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് നേര്. ടിക്കറ്റ് ബുക്കിംഗ് സ്റ്റാറ്റസുകൾ എല്ലാം നേരിന്‍റെ വലിയ വിജയമാണ് ചൂണ്ടിക്കാണിക്കുന്നത്.
തിയേറ്റര്‍ പ്രിന്‍റുകള്‍ റിലീസിന് മുൻപോ ശേഷമോ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ച് കുപ്രസിദ്ധി ആർജിച്ച തമിഴ് ബ്ലാസ്റ്റേഴ്‌സ് വെബ്സൈറ്റിലൂടെയാണ് നേര് അടക്കമുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. നേര് മാത്രമല്ല സലാറിന്‍റെ പ്രിന്‍റും തമിഴ് ബ്ലാസ്റ്റേഴ്‌സില്‍ ലഭ്യമാണ്. മികച്ച ക്യാമറ ഉപയോഗിച്ച് തിയേറ്റർ ക്യാപ്‌ചര്‍ ചെയ്ത പ്രിന്‍റില്‍ മലയാളം, ഹിന്ദി, തമിഴ് ഓഡിയോകളും ലഭ്യം. സലാറിന്‍റെ സ്ഥിതിവിശേഷവും ഇങ്ങനെ തന്നെ. സിനിമാവ്യവസായത്തിനെ പിടിച്ചുകുലുക്കിയ തമിഴ് റോക്കേഴ്‌സ് ആണ് തമിഴ് ബ്ലാസ്റ്റേഴ്‌സ് ആയി രൂപമാറ്റം സംഭവിച്ചെത്തിയിരിക്കുന്നത്. ഗുണനിലവാരത്തിന് കൂടുതൽ ഊന്നൽ നൽകുന്ന പ്രേക്ഷകർ ഇത്തരം തിയേറ്റർ പ്രിന്‍റുകളെ പൊതുവെ ശ്രദ്ധിക്കാറില്ല.
Also Read:തിയേറ്ററുകളിലെത്തിയത് ഇരുന്നൂറിലേറെ, സാമ്പത്തികലാഭം നേടിയത് ചുരുക്കം ; മലയാള സിനിമ 2023ൽ കണ്ടത്
സിനിമയുടെ ലഭ്യമായ ലിങ്കുകൾക്ക് മികച്ച ഡൗൺലോഡിങ് വേഗത ഉണ്ട്. അതിനാല്‍ തകൃതിയായി സിനിമ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുകയാണ്. മികച്ച ഫീഡുള്ള ലിങ്കുകൾ ധാരാളം ഉപയോഗപ്പെടുത്തപ്പെടുന്ന വസ്തുത നിലനില്‍ക്കെയാണിത്. അതേസമയം സിനിമയുടെ നിർമാതാക്കൾ ഇതുവരെ വ്യാജ പതിപ്പുകൾക്കെതിരെ മുന്നോട്ടുവന്നിട്ടില്ല.