ഹൈദരാബാദ് : ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ഒക്‌ടോബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഇരുവരുടേയും വിവാഹം ഉറപ്പിക്കൽ ചടങ്ങ് സ്വകാര്യമായി നടത്തിയതായി താരങ്ങളുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.
അടുത്തിടെ മോതിര വിരലിൽ വെള്ളി ബാൻഡ് ധരിച്ച് പരിണീതിയെ പൊതുമധ്യത്തിൽ കണ്ടതോടെയാണ് ഇവരുടെ വിവാഹ വാർത്തകൾ വീണ്ടും സജീവമായത്. പരിണീതിയും രാഘവും വിവാഹത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയെന്നും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരമ്പരാഗത റോക്ക (വിവാഹ നിശ്ചയം) ചടങ്ങ് നടത്തി എന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാഘവ് ഛദ്ദയും പരിണീതി ചോപ്രയും ഇതുവരെ തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഇരുവരെയും ഒരുമിച്ച് പല പരിപാടികളിലും കണ്ടതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. മുംബൈയിലെ ഒരു റസ്റ്റോറന്‍റിൽവച്ചാണ് ഇരുവരും ആദ്യം പാപ്പരാസികളുടെ ക്യാമറ കണ്ണുകളിൽ ഉടക്കിയത്.
ALSO READ: രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡൽഹി വിമാനത്താവളത്തിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. വിമാനത്താവളത്തില്‍ തനിക്ക് ചുറ്റും കൂടിയ പാപ്പരാസികളെയും മാധ്യമ പ്രവർത്തകരെയും ഒഴിവാക്കി പരിണീതി തിടുക്കത്തിൽ കാറിൽ കയറുകയായിരുന്നു. പരിണീതിയെ അനുഗമിച്ച് രാഘവ് ഛദ്ദയും വളരെ വേഗം കാറിനുള്ളിലേക്ക് കയറി.
ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാവുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ച് പഠിച്ച പരിണീതിയും രാഘവും വളരെ കാലമായി സുഹൃത്തുക്കളാണ്. പരിണീതിയും രാഘവും പരസ്‌പരം ഇൻസ്‌റ്റഗ്രാമില്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്.
ALSO READ: പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; പ്രതികരിക്കാതെ താരം
അടുത്തിടെ പരിണീതി ചോപ്ര സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ വീട്ടിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവാഹത്തിന്‍റെ വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനായാണ് താരം മനീഷ് മല്‍ഹോത്രയുടെ വീട് സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാംകിലയുമായി പരിണീതി : അതേസമയം ഇംതിയാസ് അലി ഒരുക്കുന്ന 'ചാംകില' ആണ് പരിണീതിയുടെ പുതിയ പ്രൊജക്‌ടുകളില്‍ ഒന്ന്. ചിത്രത്തില്‍ ദിൽജിത് ദോസഞ്ജിനൊപ്പമാണ് പരിണീതി മുഖ്യ വേഷത്തിൽ എത്തുന്നത്. പ്രശസ്‌ത പഞ്ചാബി ഗായകരായ അമർ ജോത് കൗറിന്‍റെയും അമർ സിങ് ചാംകിലയുടെയും ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ALSO READ: പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഡൽഹി വിമാനത്താവളത്തിൽ; വിവാഹ വാര്‍ത്ത വീണ്ടും സജീവമാകുന്നു
അമർജോത് എന്ന കഥാപാത്രത്തെ പരിണീതി അവതരിപ്പിക്കുമ്പോൾ ദിൽജിത് ദോസഞ്ജ് ചാംകിലയായി എത്തുന്നു. അമർ സിങ് ചാംകിലയും ഭാര്യ അമർജോത് കൗറും അവരുടെ സംഗീത ബാൻഡിലെ അംഗങ്ങളും 1988 മാർച്ച് 8ന് കൊല്ലപ്പെട്ടിരുന്നു. ഇതിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം.