രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത മറ്റൊരു ഓണക്കാലം കൂടി വരികയാണ്. ഇത്തവണ ഓണം കളറാക്കാനുളള ഒരുക്കങ്ങളിലാണ് മലയാളികള്‍. ആഘോഷങ്ങള്‍ക്ക് അകമ്പടിയായി എപ്പോഴും സിനിമകളും എല്ലാവര്‍ക്കും മസ്റ്റാണ്. മികച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇത്തവണത്തെ ഓണത്തിന് ഒരുപിടി മലയാള ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ യുവതാര സിനിമകളും ഓണക്കാലത്ത് തിയേറ്ററുകളിലെത്തുന്നുണ്ട്. ഓണം കളറാക്കാന്‍ എത്തുന്ന പ്രധാന റിലീസുകള്‍ ഏതൊക്കെയെന്ന് അറിയാം.
ഗോള്‍ഡ് : പ്രേമം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി അല്‍ഫോണ്‍സ് ഒരുക്കിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ചിത്രം സെപ്‌റ്റംബര്‍ 8ന് തിയേറ്ററിലെത്തും.
ഒരു തെക്കന്‍ തല്ലുകേസ് : ജി ഇന്ദുഗോപന്‍റെ അമ്മിണിപിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്‌പദമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു, പത്മപ്രിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സെപ്‌റ്റംബര്‍ 8നാണ് ചിത്രം റിലീസാകുന്നത്.
പാല്‍തു ജാന്‍വര്‍ : ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് പാല്‍തു ജാന്‍വര്‍. ചിത്രം സെപ്‌റ്റംബര്‍ 2ന് തിയേറ്ററുകളിലെത്തും. ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഭാവന സ്റ്റുഡിയോസ് ആണ് നിര്‍മാണം. ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ട് : പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരെ പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന യോദ്ധാവിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം സെപ്‌തംബര്‍ 8ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സിജു വില്‍സണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഒറ്റ് : തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ഫെല്ലിനി ടി പി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലറാണ് ഒറ്റ്. തമിഴില്‍ രെണ്ടകം എന്ന പേരില്‍ ചിത്രം റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനൊപ്പം തമിഴ് താരം അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സെപ്‌റ്റംബര്‍ 2നാണ് റിലീസ് പ്രഖ്യാപിച്ചതെങ്കിലും സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. തമിഴ് പതിപ്പിന്‍റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് റിലീസ് നീളാന്‍ കാരണമെന്ന് അണിയറക്കാര്‍ അറിയിച്ചു. അതേസമയം ഒറ്റ് ഓണം സമയത്ത് തന്നെ എത്തുമെന്ന പ്രതീക്ഷകളിലാണ് സിനിമാപ്രേമികള്‍.