മുംബൈ : ഹമാസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച സുരക്ഷിതയായി ഇന്ത്യയിലേക്ക് മടങ്ങി (Nushrratt Bharuccha Returned India After Stuck In Israel). സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ ഇസ്രയേലില്‍ നടന്ന ഹൈഫ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് നുഷ്രത്ത് അവിടേക്ക് പോയത്. ഇതിനിടെ ഇന്നലെ (ഒക്‌ടോബര്‍ 7) രാവിലെ 6.30ഓടെ ഹമാസ് ഭീകരര്‍ ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ഇസ്രയേലില്‍ സംഘര്‍ഷം കടുത്തതോടെ നുഷ്രത്തും സംഘവും ആശങ്കയിലായി. തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ താരം അടുത്തുള്ള വിമാനത്താവളത്തില്‍ എത്തിയത് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ആയിരുന്നു (Nushrratt Bharuccha Stuck in Israel). നുഷ്രത്ത് എത്തിയ വിമാനത്താവളം സംഘര്‍ഷ മേഖലയില്‍ അല്ലെന്നും താരം സുരക്ഷിതയാണെന്നും ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചു.
നുഷ്രത്ത് സുരക്ഷിതയാണെന്നായിരുന്നു ഇന്ത്യയിലുണ്ടായിരുന്ന കുടുംബവും പ്രതികരിച്ചത്. എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി നടിയുമായി ബന്ധമുള്ള വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നിലവില്‍ താരം ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. കണക്ഷന്‍ ഫ്ലൈറ്റിലാണ് നുഷ്രത്തിന്‍റെ ഇന്ത്യയിലേക്കുള്ള മടക്കയാത്ര.
സംഘര്‍ഷ സമയത്ത് ഇസ്രയേലില്‍ കുടുങ്ങിയ നടിയുമായി നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. നേരിട്ടുള്ള വിമാനങ്ങളുടെ അഭാവം മൂലമാണ് നുഷ്രത്ത് കണക്ഷന്‍ ഫ്ലൈറ്റ് തെരഞ്ഞെടുത്തത്. സുരക്ഷ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹമാസും ഇസ്രയേലും ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ വലിയ ആശങ്ക നിലനില്‍ക്കുകയാണ്. ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് മാത്രം 300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെയാണ് പ്രകോപനം ഒന്നും കൂടാതെ ഗാസ മുനമ്പില്‍ നിന്ന് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. റോക്കറ്റുകള്‍ പ്രയോഗിച്ചും നുഴഞ്ഞുകയറിയും പാരഗ്ലൈഡറുകളില്‍ അതിര്‍ത്തി കടന്നും ഹമാസ് ഇസ്രയേലില്‍ ആക്രമണം അഴിച്ചുവിട്ടു.
ആക്രമണം കടുത്തതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗിക യുദ്ധത്തിന് ഉത്തരവിട്ടു. ഇന്ത്യ, അമേരിക്ക, യുക്രെയ്‌ന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം ഇസ്രയേലിന് പിന്തുണ അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിലുള്ള ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഇസ്രയേലില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭയാനകമാണെന്നും ആക്രമണത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും അതിനായി പണം നല്‍കുന്നവരും വലിയ തെറ്റാണ് ലോകത്തോട് ചെയ്യുന്നതെന്ന് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ഹമാസ് ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ വെളിച്ചത്ത് വരണമെന്നും എങ്കില്‍ മാത്രമേ പിന്നില്‍ പ്രവര്‍ത്തിച്ചവരും പിന്തുണച്ചവരും ആരാണ് എന്ന് ലോകത്തിന് മനസിലാകു എന്നും സെലന്‍സ്‌കി പറഞ്ഞു.