എന്‍റര്‍ടെയ്‌നര്‍ സിനിമകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, ഉള്‍പ്പടെയുളള നിവിന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇടയ്‌ക്ക് ട്രാക്ക് മാറ്റിയ താരം വ്യത്യസ്‌ത പ്രമേയം പറഞ്ഞൊരുക്കിയ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ എത്തിയിരുന്നു. ഈ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായും നിവിന്‍ പേരെടുത്തു. ഇപ്പോള്‍ തന്‍റെ പഴയ ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സേഫ് സോണിലേക്കുളള നിവിന്‍റെ തിരിച്ചുവരവ്. സിനിമയുടെ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 2.45 മിനിറ്റിനടുത്ത് ദൈര്‍ഘ്യമുളള ട്രെയിലറില്‍ നിവിന്‍ തന്നെയാണ് കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്. ചിത്രത്തിലൂടെ എന്‍റര്‍ടെയ്‌നര്‍ നിവിന്‍റെ മികച്ചൊരു തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
യൂട്യൂബില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍, സാനിയ അയ്യപ്പന്‍, ഗ്രേസ് ആന്‍റണി, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍ ഉള്‍പ്പടെയുളള താരങ്ങളും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവീന്‍ ഭാസ്‌കറുടെ തിരക്കഥയിലാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമ എടുത്തിരിക്കുന്നത്.
ദുബായ്, ബെംഗളൂരു, മൈസൂര്‍ തുടങ്ങിയവിടങ്ങളിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മാണം. അസ്‌ലം പുരയില്‍-ഛായാഗ്രഹണം, ടി ശിവനടേശ്വരന്‍-ചിത്രസംയോജനം, ജേക്ക്‌സ് ബിജോയ്-സംഗീതം, അനീഷ് നാടോടി-പ്രൊഡക്ഷന്‍ ഡിസൈനര്‍. സജി കൊരട്ടി-മേക്കപ്പ്, സുജിത്ത് സുധാകരന്‍-വസ്‌ത്രാലങ്കാരം. സെപ്‌റ്റംബര്‍ 30നാണ് നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷമാണ് നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചത്. ഇരുവരുടെയും പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തുറമുഖം, പടവെട്ട് തുടങ്ങിയവയാണ് നിവിന്‍ പോളിയുടെതായി വരാനിരിക്കുന്ന മറ്റ് റിലീസ് ചിത്രങ്ങള്‍.