ഹൈദരാബാദ്: വിവാദങ്ങളോടും അഭ്യൂഹങ്ങളോടും പ്രതികരിച്ച് നടി നിത്യ മേനൻ (Nithya Menen responds to controversies and rumours). കഴിഞ്ഞ മാസം സിനിമ ഷൂട്ടിനിടെ തമിഴ് നടന്‍റെ പീഡനം ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾ അവർ നേരിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഉയര്‍ന്നുവന്ന അവകാശവാദങ്ങൾ ഇപ്പോൾ പൊളിച്ചെഴുതപ്പെടുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളുടെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ശക്തമായി വിമർശിച്ചിരിക്കുകയാണ് നിത്യ മേനൻ.
ഒരു വെബ്ലോയിഡുമായുള്ള സംഭാഷണത്തിനിടെ ഇത്തരം കിംവദന്തികളെ നേരിടാനുള്ള തന്‍റെ തീരുമാനത്തെ കുറിച്ചും നിത്യ വിശദീകരിച്ചു. 'എന്നെ ഉപദ്രവിച്ചുവെന്ന് ഒരാൾക്ക് എങ്ങനെ അവകാശപ്പെടാനാകും, അതിനാല്‍ പ്രതികരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നി. വ്യക്തികൾ മോശമായി പെരുമാറുമ്പോൾ അവരെ ഉത്തരവാദിത്തത്തോടെ നിലയ്ക്ക് നിർത്തണമെന്നതില്‍ ആത്മാർത്ഥമായി വിശ്വസിക്കുന്നതായും നിത്യ വിശദീകരിച്ചു. എന്നെക്കുറിച്ച് എണ്ണമറ്റ കിംവദന്തികൾ ഉണ്ടായിരുന്നു, ആളുകൾ മിക്കവാറും അവ സത്യമാണെന്ന് അംഗീകരിക്കുന്ന ഘട്ടത്തിലേക്ക് വരെ അത് എത്താറുണ്ട്. ഈ കഥകൾ പലപ്പോഴും വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്'. എന്നാല്‍ ഇത്തവണ അവയെക്കുറിച്ച് സംസാരിക്കാന്‍ നിർബന്ധിതയായി നിത്യ പറഞ്ഞു.
അടുത്തിടെ പ്രൈം വീഡിയോ വെബ് സീരീസായ കുമാരി ശ്രീമതിയിൽ നിശ്ചയദാർഢ്യവും എന്തും തുറന്നുപറയുന്നതുമായ മുപ്പതുകാരിയായ ഒരു സ്ത്രീയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ടികെ രാജീവ് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന മലയാള ചിത്രത്തിലും നിത്യ മേനൻ അഭിനയിക്കുന്നുണ്ട്.
മാസ്‌റ്റര്‍പീസുമായി നിത്യ: മലയാളത്തിലെ തങ്ങളുടെ രണ്ടാമത്തെ വെബ് സീരീസുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഈ വര്‍ഷം ജൂണില്‍ സ്‌ട്രീം ചെയ്‌ത 'കേരള ക്രൈം ഫയല്‍സി'ന് ശേഷം 'മാസ്‌റ്റർപീസു'മായാണ് ഹോട്ട്സ്‌റ്റാര്‍ എത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീജിത്ത് ഒരുക്കുന്ന 'മാസ്‌റ്റർപീസി'ൽ നിത്യ മേനോൻ , ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന താരങ്ങൾ.
ഇവർക്കൊപ്പം രഞ്ജി പണിക്കർ , മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്‌ണ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. പൃഥ്വിരാജ് - മോഹൻലാല്‍ ചിത്രം 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്താണ് ശ്രീജിത്ത്. 'തെക്കൻ തല്ലുകേസ്' ആണ് ഇദ്ദേഹം സംവിധാനം ചെയ്‌ത ചിത്രം. മലയാളത്തിലെ ആദ്യ വെബ് സിരീസായ 'കേരള ക്രൈം ഫയല്‍സി'ല്‍ നിന്നും തികച്ചും വ്യത്യസ്‌തമായ കഥ പറയുന്ന സീരീസാണ് ഹോട്ട്സ്‌റ്റാര്‍ പ്രേക്ഷകർക്കായി എത്തിക്കുന്നത്.
പേരുപോലെ തന്നെ കുറ്റാന്വേഷണ കഥകളാണ് അഹമ്മദ് കബീര്‍ സംവിധാനം ചെയ്‌ത 'ക്രൈം ഫയല്‍സ്' പ്രമേയമാക്കിയത്. എന്നാൽ ഒരു ഫാമിലി ഫണ്‍ റൈഡ് ആയിരിക്കും 'മാസ്‌റ്റര്‍പീസ്' എന്നാണ് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ നിന്നും വ്യക്തമാവുന്നത്. മലയാള സിനിമയിലെ പ്രശസ്‌തരായ ഒട്ടനവധി അഭിനേതാക്കളും സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പമിരുന്ന് ചിരിക്കാനുള്ള കോമഡിയുടെയും ഹൃദയം തൊടുന്ന ഡ്രാമയുടെയും മികച്ച സംയോജനമാണ് 'മാസ്‌റ്റർപീസ്' എന്നാണ് അണിയറക്കാരുടെ അവകാശ വാദം. ഇത് അടിവരയിടുന്നതാണ് ചിത്രത്തിന്‍റെ ടീസറും. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്‌നര്‍ സീരീസാണിതെന്നും അണിയറക്കാർ പറയുന്നു.
ALSO READ: 'കുമാരി ശ്രീമതി'; പാൻ ഇന്ത്യൻ വെബ്‍ സീരീസുമായി നിത്യ മേനൻ, വ്യത്യസ്‌തമായി മോഷൻ പോസ്റ്റര്‍