ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് നല്‍കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. തന്‍റെ എറ്റവും പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് നിഖില ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിലെ കുസൃതി ചോദ്യ റൗണ്ടില്‍ ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ നിഖിലയ്ക്ക് സാധിച്ചില്ല.
ചെസ് കളിയില്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാല്‍ മതി, അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന് അവതാരകന്‍ നിഖിലയോട് പറഞ്ഞു. ഇതിന് മറുപടിയായി നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം, വെട്ടാന്‍ കഴിയില്ലെന്ന് ആര് പറഞ്ഞു എന്ന് നിഖില അവതാരകനോട് ചോദിച്ചു. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു, അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുതെന്ന് നടി പറയുന്നു. പശുവിന് മാത്രമായി പ്രത്യേക പരിഗണനയില്ലെന്നും നിഖില പറഞ്ഞു. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്, നിഖില വിമല്‍ അഭിമുഖത്തില്‍ വ്യക്‌തമാക്കി.
നിഖിലയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ജോ ആന്‍ഡ് ജോ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നടിക്ക് പുറമെ മാത്യൂ തോമസ്, നസ്‌ലെന്‍, ജോണി ആന്‍റണി തുടങ്ങിയവരും സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളം, തമിഴ് ഭാഷകളിലാണ് നിഖില വിമല്‍ തന്‍റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചിട്ടുളളത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത ഭാഗ്യദേവതയിലൂടെ അരങ്ങേറിയ താരം ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികാനടിയായി മാറി. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്‍റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് നിഖിലയ്ക്ക് മലയാളത്തില്‍ തിരക്കേറിയത്. നായികാ റോളുകള്‍ക്ക് പുറമെ അതിഥി വേഷങ്ങളിലും നിഖില സിനിമകളില്‍ എത്തി. 2021ല്‍ ദി പ്രീസ്റ്റ്, മധുരം എന്നീ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.