കോട്ടയം: നഞ്ചിയമ്മയുടെ ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീൺ. മികച്ച ഗായികക്കുള്ള 2020ലെ ദേശീയ അവാർഡ് നഞ്ചിയമ്മക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾ അനാവശ്യമെന്ന് നിഖിൽ.
കോട്ടയത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രിയ സംഗീതം പഠിച്ചിട്ടായിരിക്കില്ല എല്ലാവരും പാട്ട് പാടുന്നത്, കലയെ കലയായി കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഞ്ചിയമ്മ പാടിയത് പോലെ പ്രശസ്‌തരായ ഗായകർക്ക് ചിലപ്പോൾ പാടാൻ കഴിഞ്ഞെന്നു വരില്ല. നഞ്ചിയമ്മ അഭിമാനമാണ്.
നഞ്ചിയമ്മയുടെ കഴിവിനെ അംഗീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചിത്രീകരണത്തിൽ പഴയ അച്ചടക്കം ഇല്ലാതെയായി. ഛായാഗ്രാഹകരായെത്തുന്ന പുതിയ ചെറുപ്പക്കാർ ഭീഷണിയല്ലെന്നും നിഖിൽ പറഞ്ഞു.