ബോളിവുഡിനെ കുറിച്ച് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നടത്തിയ പരാമര്‍ശം അടുത്തിടെ വിവാദമായി മാറിയിരുന്നു. 'മേജര്‍' എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ഒരു മാധ്യമത്തിന്‍റെ ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
താങ്കളുടെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് എന്ന ചോദ്യത്തിന് മഹേഷ് ബാബു നല്‍കിയ മറുപടി വിവാദമായി മാറി. ബോളിവുഡിന് തന്നെ താങ്ങാന്‍ കഴിയില്ലെന്നും തനിക്ക് സ്വന്തം ഇന്‍ഡസ്ട്രിയല്ലാതെ മറ്റൊരിടത്തേക്കും വരാന്‍ താല്‍പര്യമില്ലെന്നുമാണ് സൂപ്പര്‍താരം പറഞ്ഞത്.
ബോളിവുഡില്‍ അരങ്ങേറാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ നടന്‍ വെറുതെ സമയം കളയാന്‍ താനില്ലെന്നും കൂട്ടിച്ചേര്‍ത്തു. മഹേഷ് ബാബുവിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ നിരവധി പേരാണ് നടനെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തിയത്. സിനിമാമേഖലയില്‍ നിന്നുളളവരും മറ്റ് ആളുകളുമെല്ലാം നടന്‍റെ പ്രസ്‌താവനയില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.
വിവാദ പ്രസ്‌താവനയ്ക്ക് പിന്നാലെ ഒരു പുകയില ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ മുന്‍പ് ഭാഗമായതിന് നടനെ ട്രോളി വീണ്ടും എത്തുകയാണ് നെറ്റിസണ്‍സ്. പാന്‍മസാല ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്‌തതിന് നടനെ പരിഹസിച്ച് എത്തുകയാണ് ചിലര്‍. 'ഇത് ഇപ്പോള്‍ ഒരു തമാശയായി മാറി. ബോളിവുഡിന് തന്നെ താങ്ങാന്‍ കഴിയില്ലെന്ന് മഹേഷ് ബാബു പറഞ്ഞു. എന്നാല്‍ ഒരു പാന്‍ മസാല ബ്രാന്‍ഡിന് അദ്ദേഹത്തെ താങ്ങാന്‍ കഴിയുമെന്ന് കാണിച്ചുതന്നു' - എന്നാണ് നടനെ ട്രോളി ഒരാള്‍ ട്വീറ്റ് ചെയ്‌തത്.
'അതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ അടുത്ത തവണ മുതല്‍ ഒരു മികച്ച വാദം കൊണ്ട് വരാന്‍ ശ്രമിക്കുക' എന്ന് മറ്റൊരു നെറ്റിസണും മഹേഷ് ബാബുവിന്‍റെ പരാമര്‍ശത്തെ ട്രോളി കുറിച്ചു. 'മഹേഷ് ബാബുവിനെ പോലുളള തെലുങ്ക് താരങ്ങള്‍ക്ക് മാത്രമേ പാന്‍ മസാല ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവാദമുളളൂ എന്ന് ഞാന്‍ അനുമാനിക്കുന്നു' - എന്നാണ് മറ്റൊരാള്‍ നടനെ പരിഹസിച്ച് കുറിച്ചത്.
അടുത്തിടെ പുകയില ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്‌തതിന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെതിരെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഷാരൂഖ് ഖാന്‍, അജയ് ദേവ്‌ഗണ്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ഒരുമിച്ച് ഭാഗമായ ഒരു പരസ്യത്തിന് എതിരെയാണ് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായത്.